കാലാവസ്ഥാ വ്യതിയാനം ; അന്തരീക്ഷത്തിന്റെ മൂന്നാം പാളി ചുരുങ്ങുന്നതായി നാസ

ഭൂമിയെ ഉല്‍ക്കളില്‍ നിന്നും സംരക്ഷിക്കുന്ന കവചമായ മീസോസ്ഫിയര്‍ ചുരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ അന്തരീക്ഷത്തിലെ ഒരു പ്രധാന പാളിയാണ് മീസോസ്ഫിയര്‍. 50 മുതല്‍ 100 കിലോമീറ്റര്‍ ഉയരമുള്ള അന്തരീക്ഷ പാളിയാണിത്. ഓരോ വര്‍ഷവും 40,000 ടണ്‍ ഉല്‍ക്കകളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഈ അന്തരീക്ഷ പാളിയാണ്. ഓരോ ദശകത്തിലും 500 മുതല്‍ 650 അടി വരെ ചുരുങ്ങുകയും ഈ അന്തരീക്ഷ പാളി കൂടുതല്‍ തണുക്കുകയും ചെയ്യുന്നുണ്ടെന്ന് നാസ ഉപഗ്രഹങ്ങള്‍ കണ്ടെത്തി.ഹരിതഗൃഹ വാതകം പുറന്തള്ളുന്നതാണ് മീസോസ്ഫിയര്‍ ചുരുങ്ങാന്‍ പ്രധാന കാരണം. പുതിയ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞരെ ആശ്ചര്യപ്പെടുത്തിയില്ല. കാരണം ഇത് അവര്‍ പ്രതീക്ഷിച്ചതായിരുന്നു. ഏപ്രില്‍ 20 ന് ജേണല്‍ ഓഫ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സോളാര്‍ ടെറെസ്ട്രിയല്‍ ഫിസിക്‌സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.

മൂന്ന് നാസ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, 30 വര്‍ഷത്തെ നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെ ഒരു വിവരം ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മീസോസ്ഫിയറില്‍ ഒരു ദശകത്തിനിടെ 2.7 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുന്നതായും കണ്ടെത്തി. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ചുരുങ്ങുന്ന മീസോസ്ഫിയര്‍ അന്തരീക്ഷത്തെ ചുരുക്കുകയും ഉപഗ്രഹങ്ങളുടെ വലിച്ചിടല്‍ കുറയ്ക്കുകയും ചെയ്യും. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തേക്ക് തള്ളിവിടുന്ന അന്തരീക്ഷത്തിലെ ഘര്‍ഷണമാണ് സാറ്റലൈറ്റ് ഡ്രാഗ്.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഹരിതഗൃഹ വാതകങ്ങള്‍ ട്രോപോസ്ഫിയറിലെ ഏറ്റവും കൂടുതല്‍ താപത്തെ – അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയിലേയ്ക്ക് കടത്തി വിടും. ഇതുകൊണ്ട് തന്നെ ഭൂമിയുടെ ഉപരിതലം, സമുദ്ര ഉപരിതലം, ട്രോപോസ്ഫിയര്‍ എന്നിവ ചൂടാകുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ മറ്റൊരു ഫലം മീസോസ്ഫിയറില്‍ കുറഞ്ഞ താപം എത്തുന്നു എന്നതാണ്. അതുകൊണ്ടാണ്, മീസോസ്ഫിയറിന്റെ തണുപ്പിക്കല്‍ ഹരിതഗൃഹ വാതക പുറന്തള്ളലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. അടുത്തിടെ നടന്ന മറ്റൊരു കണ്ടെത്തലില്‍, മീസോസ്ഫിയറിന് താഴെയുള്ള അന്തരീക്ഷത്തിന്റെ പാളിയായ സ്ട്രാറ്റോസ്ഫിയര്‍ ഒരു ദശകത്തില്‍ 300 അടിയിലധികം കുറയുന്നുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

അന്തരീക്ഷത്തിലെ മറ്റൊരു നിര്‍ണായക പാളിയായ സ്ട്രാറ്റോസ്ഫിയര്‍ ചുരുങ്ങുന്നതിന് പിന്നിലെയും പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങളാണ്. സ്ട്രാറ്റോസ്ഫിയറിന്റെ ചുരുങ്ങല്‍ റേഡിയോ ആശയവിനിമയത്തെ വരെ സാരമായി ബാധിച്ചേക്കാം. കഴിഞ്ഞ വര്‍ഷം മുതല്‍ കൊറോണ വൈറസ് വ്യാപനം ആഗോളാടിസ്ഥാനത്തില്‍ വാണിജ്യ – വ്യാവസായിക മേഖലയെ പ്രതികൂലമായിബാധിച്ചിരുന്നു. ഇത് മിക്ക രാജ്യങ്ങള്‍ക്കും സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടായതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ നൈട്രജന്‍ ഓക്‌സൈഡ് (NOx) അന്തരീക്ഷത്തില്‍ പുറം തള്ളുന്നതിന്റെ അളവ് കുറഞ്ഞതോടെ ഓസോണ്‍ മലിനീകരണം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.