ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയം വിതരണം തടയുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
2007ല്‍ പലസ്തീനില്‍ നിന്നും ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം ഇസ്രയേലും ഈജിപ്തും പലതവണ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്കുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം തടയുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇത് ‘മൃഗീയമായ ആളുകള്‍’ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ ഒഐസി രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് ഇറാന്‍ വക്താവ് നാസര്‍ കനാനി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നടപടി.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെയാണ് യോഗം വിളിച്ചിട്ടുള്ളത്.
ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.