ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന് അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നത്.
ഒഴിപ്പിക്കലല്ല, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് പ്രത്യേക വിമാനസര്‍വീസ്. ഒരു ഡസനോളം ഇന്ത്യക്കാര്‍ വെസ്റ്റ് ബാങ്കിലും മൂന്നോ നാലോ പേര് ഗാസയിലുമുണ്ടെന്നാണ് കരുതുന്നത്. ആവശ്യപ്പെട്ടാല്‍ അവിടെയും സഹായമെത്തിക്കും. നിലവില്‍ അവിടെനിന്ന് സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍നിന്നാണ് കൂടുതല്‍ സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ താത്പര്യമുണ്ടെങ്കില്‍ സഹായത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യമാണ് ഓപ്പറേഷന് അജയ്. ഇതിനായി ആദ്യ ഘട്ടത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളായിരിക്കും അയക്കുക. ആവശ്യമെങ്കില്‍ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കായി രജിസ്റ്റര്‍ചെയ്തവരെ ഇ-മെയില്‍ മുഖേന വിവരങ്ങളറിയിക്കുന്നുണ്ട്.