യുവ തലമുറയ്ക്ക് ആവേശമായി ‘നെപ്പോളിയന്‍’ വരുന്നു; ഉളികുത്തു ചടങ്ങ് നടന്നു

എടത്വ: ജലമേളകളില്‍ പുതിയ ചരിത്രം രചിക്കുവാന്‍ തലവടിയില്‍ നിന്നുമുള്ള ‘നെപ്പോളിയന്‍’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിന്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണന്‍ ആചാരി ഉളികുത്ത് ചടങ്ങ് നിര്‍വഹിച്ചു.തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോജി ജെ വൈലപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുര്യന്‍ തോമസ് അമ്പ്രയില്‍,ജേക്കബ് ഏബ്രഹാം പുരയ്ക്കല്‍ എന്നിവര്‍ കളിവള്ള ശില്പികള്‍ക്ക് ദക്ഷിണ നല്കി.ഫാദര്‍ ഏബ്രഹാം തോമസ്, ഫാദര്‍ റോബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

തലവടി ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍, വൈസ് പ്രസിഡന്റുമാരായ അജിത്ത് പിഷാരത്ത്,പി.ഡി.രമേശ് കുമാര്‍, ട്രഷറാര്‍ പ്രിന്‍സ് പാലത്തിങ്കല്‍, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ടീം കോര്‍ഡിനേറ്റര്‍ ജോമോന്‍ ചക്കാലയില്‍,സിറിള്‍ സഖറിയ ഇടയത്ര, തലവടി ചുണ്ടന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കനീഷ് കുമാര്‍, സെക്രട്ടറി ഗോകുല്‍ കൃഷ്ണ, ജെറി മാമ്മൂടന്‍, അനില്‍കുമാര്‍, വീയപുരം ചുണ്ടന്‍ വളളം സമിതി രക്ഷാധികാരി ജോസഫ് ഏബ്രഹാം, നിരണം ചുണ്ടന്‍ വളളം സമിതി സെക്രട്ടറി ജോബി ദാനിയേല്‍, മണിദാസ് വാസു, ബാബു ജോര്‍ജ്ജ്, മനോഹരന്‍ വെറ്റിക്കണ്ടം, പി.ഡി.സുരേഷ്, വിനോദ് മുട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.തലവടിയിലെ ജലോത്സവ പ്രേമികളായ യുവാക്കളും പ്രവാസികളായ സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിന്റെ നിര്‍മ്മാണ ചെലവ് 35 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
മുന്‍കാലങ്ങളില്‍ വെപ്പ് വള്ളങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ നിലവില്‍ ഇല്ല. തലവടി പനമൂട്ടില്‍ പാലത്തിന് സമീപം ഇടയത്ര പുരയിടത്തിലാണ് മാലിപ്പുര.

തലവടിക്ക് സ്വന്തമായി നിലവില്‍ നാന്നൂറിലധികം ഓഹരി ഉടമകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ‘തലവടി ചുണ്ടന്‍’ കളിവള്ളം ഉണ്ട്. 6 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി നെപ്പോളിയന്‍ ടീം വക്താവ് ഷിക്കു കുര്യന്‍ അമ്പ്രയില്‍ പറഞ്ഞു.