പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതില്‍ മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

പാര്‍ലമെന്റ് അം?ഗത്വം റദ്ദാക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. പാര്‍ലമെന്റ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്‌ക്കെതിരെ നടപടി. അവകാശ ലംഘനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ് എന്ന് ടിഎംസിയും ഇന്ത്യ മുന്നണിയും നേരത്തെ മുതല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പുറത്താക്കല്‍ നടപടി ശുപാര്‍ശ ചെയ്തത് എത്തിക്‌സ് കമ്മിറ്റിയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണയില്‍ വരേണ്ടത്.

പാര്‍ലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്‌സ് കമ്മിറ്റിക്കു പുറത്താക്കല്‍ ശുപാര്‍ശ നല്‍കാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു. മഹുവ മൊയ്ത്രക്ക് സംസാരിക്കാന്‍ അനുമതി നല്‍കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മഹുവയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. നടപടിയെടുക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പാക്കണമെന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആവശ്യം. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ എത്തിക്‌സ് കമ്മിറ്റി ലംഘിച്ചു എന്ന് മനീഷ് തിവാരിയും ചൂണ്ടിക്കാണിച്ചു.