ഇലക്ടറല്‍ ബോണ്ട്:എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെ റിപ്പോര്‍ട്ട് കൈമാറി എസ്.ബി.ഐ. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നാണ് രണ്ട് പെന്‍ഡ്രൈവുകളിലാക്കി വിവരങ്ങള്‍ നല്‍കിയത്. ഇത് സംബന്ധിച്ച കംപ്ലയിന്‍സ് റിപ്പോര്‍ട്ട് എസ്.ബി.ഐ സുപ്രീംകോടതിക്കും നല്‍കിയിട്ടുണ്ട്.
ആരൊക്കെ ബോണ്ട് നല്‍കി ഇത് ഏതൊക്കെ പാര്‍ട്ടികള്‍ പണമാക്കി മറ്റി എന്നിവയടങ്ങുന്ന വിവരമാണ് കൈമാറിയിട്ടുള്ളത്. അക്കൗണ്ട് നമ്പറും കെ.വൈ.സിയും ഒഴികെ ബാക്കി എല്ലാ വിവരവും ഉള്‍പ്പെടുന്ന കാര്യങ്ങളാണ് പെന്‍ഡ്രൈവുകളിലുള്ളത്. രണ്ട് പെന്‍ഡ്രൈവുകളില്‍ ഒന്നില്‍ പൂര്‍ണ വിവരവും രണ്ടാമത്തെ പെന്‍ഡ്രൈവില്‍ ഇവ സംരക്ഷിച്ചുപോന്ന പാസ്വേര്‍ഡുകളുമാണുള്ളത്. ഇത് ഉടന്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പെന്‍ഡ്രൈവുകളുടെ ഹാര്‍ഡ് കോപ്പി ആവശ്യമെങ്കില്‍ തരാമെന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
ബോണ്ടുകളുടെ നമ്പറുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാത്ത എസ്.ബി.ഐ നടപടിയെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തിങ്കളാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീയതിയും തുകയും പേരുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
ബോണ്ട് നമ്പറുകള്‍ സഹിതം എല്ലാ വിവരങ്ങളും നല്‍കാന്‍ പ്രയാസമില്ലെന്ന് എസ്.ബി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ നേരത്തെ അറിയിച്ചിരുന്നു. ബോണ്ടുകളിലെ ആല്‍ഫ ന്യൂമറിക് നമ്പറും സീരിയല്‍ നമ്പറുമുണ്ടെങ്കില്‍ അതും നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് പൂര്‍ണ വിവരങ്ങള്‍ എസ്.ബി.ഐ കൈമാറിയത്.