യതിഷ് ചന്ദ്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്; പോലീസ് ജനങ്ങളെ സഹോദരന്‍മാരായി കാണണം, പോലീസ് നടപടി ശരിയായില്ലെന്നും ഡിജിപി

പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ഡി.ജി.പി. ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച പോലീസ് നടപടി ശരിയായില്ല. ജനങ്ങളെ സഹോദരന്മാരായി പോലീസ് കാണണം. കൊച്ചിയില്‍ ഹൈക്കോര്‍ട്ട് ജംക്ഷന് സമീപം പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴി യാത്രക്കാര്‍ക്കും എതിരെ ഡി.സി.പി. യതീഷ് ചന്ദ്ര നടത്തിയ നരനായാട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഏത് ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദ്ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ രണ്ടു ദിവസങ്ങളില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈക്കോര്‍ട്ട് ജംക്ഷനില്‍ മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ ഡി.സി.പി. യതീഷ് ചന്ദ്ര ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു.