ക്രിസ്റ്റ്യാനോ മെസ്സി നെയ്മര്‍ അന്തിമ പട്ടികയായി; ആരാണ് മികച്ചവനെന്ന് അടുത്ത മാസം 23-ന് അറിയാം

സ്വിസ്സര്‍ലന്റ്: ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമപട്ടിക ഫിഫ പ്രഖ്യാപിച്ചു. പട്ടികയില്‍ ആദ്യ മൂന്നില്‍ റൊണാള്‍ഡോയും മെസ്സിയും നെയ്മറും ഇടംപിടിച്ചു.
പുരസ്‌കാരം അടുത്തമാസം 23-ന് ലണ്ടനില്‍ വച്ചാണ് സമര്‍പ്പിക്കുക.
ഫിഫയുടെ മികച്ച താരം ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധക ലോകം. പ്രതീക്ഷിച്ചപോലെ അന്തിമ പട്ടികയിലിടം കണ്ടെത്താന്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊയ്ക്കും മെസ്സിയ്ക്കും നെയ്മറിനും സാധിച്ചത് പുരസ്‌ക്കാര പ്രവചനത്തിന്റെ കാത്തിരിപ്പിന് ലഹരി കൂട്ടും.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് , ലാലിഗ കിരീട നേട്ടങ്ങളില്‍ പ്രധാന പങ്കു വഹിച്ച ക്രിസ്റ്റ്യാനോയ്ക്കാണ് ഇത്തവണയും അവാര്‍ഡിന് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷവും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയെന്ന ബഹുമതി റൊണാള്‍ഡോയ്ക്ക് സ്വന്തം.

കഴിഞ്ഞ വര്‍ഷം മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ലഭിച്ച അമേരിക്കയുടെ കാര്‍ലി ലോയ്ഡാണ് ഇത്തവണയും അന്തിമപട്ടികയില്‍ മുന്നിലുള്ളത്. ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാരും പരിശീലകരും തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കുക.