പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണം; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയെത്തുടര്‍ന്ന് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ അധ്യാപികമാരായ ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 18 മുതല്‍ 20വരെ തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. ഇരുവരോടും 17ന് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാവാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഈ അധ്യാപികമാര്‍ പരസ്യമായി ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഗൗരി നേഹ ആത്മഹത്യ ചെയ്‌തെന്ന് വ്യക്തമാക്കി ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ കുട്ടികള്‍ തമ്മിലുള്ള നിസാര പ്രശ്‌നത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യ ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മാദ്ധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസെടുത്തതെന്ന് ആരോപിച്ചാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഗൗരി നേഹ ഒക്ടോബര്‍ 20 നാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ വച്ചുതന്നെ മരിക്കുക ആയിരുന്നു.