രാജ്യത്തിനുവേണ്ടി കൊല്ലാനും ചാകാനും നടക്കുന്ന പട്ടാളക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക ഇരുട്ടടി ; സൈനിക പെന്‍ഷന്‍ ഒറ്റയടിക്ക് വെട്ടിക്കുറച്ചു
അതിര്‍ത്തിയില്‍ പ്രശ്നം രൂക്ഷമാകുന്ന ഈ അവസ്ഥയില്‍ രാജ്യത്തിന്റെ ഏക പ്രതീക്ഷ ജീവന്‍ കൊടുത്തും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരിലാണ്. മുന്‍പൊന്നും ഇല്ലാത്ത വിധം പട്ടാളക്കാര്‍ക്ക് സമൂഹത്തില്‍ വളരെ വലിയ ഒരു സ്ഥാനം ഇപ്പോള്‍ ലഭിക്കുന്നുമുണ്ട്. പട്ടാളക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവാണ് എന്നൊക്കെയുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.എന്നാല്‍ ഇത്രയൊക്കെ നടക്കുന്ന അതേസമയത്തു തന്നെ സൈനികര്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളിലാണ് സര്‍ക്കാര്‍ കത്തിവെച്ചത്. ജോലിക്കിടെ വൈകല്യം സംഭവിച്ച് സര്‍വീസില്‍ നിന്ന് പിരിയേണ്ടി വരുന്നവരുടെ പെന്‍ഷനാണ് വെട്ടിക്കുറച്ചത്. സേവനകാലയളവില്‍ ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കൂടാതെ സര്‍വീസിലിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച് പകരം സ്ലാബ് രീതി ഏര്‍പ്പെടുത്തുകയും ചെയ്തു.
സപ്തംബര്‍ 28 ന് പാകിസ്താനെ ഞെട്ടിച്ച മിന്നലാക്രമണം നടന്നതിന് രണ്ട് ദിവസം കഴിഞ്ഞ് സപ്തംബര്‍ 30 നാണ് പെന്‍ഷന്‍ വെട്ടിക്കുറച്ച ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയത്. സാധാരണ സൈനികര്‍ക്ക് വികലാംഗ പെന്‍ഷനായി പ്രതിമാസം 45,200 രൂപ നല്‍കിയിരുന്നത് 27,200 രൂപയായിട്ടാണ് കുറച്ചത്. 18,000 രൂപയുടെ കുറവ്. 10 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കിയ മേജര്‍ക്ക് (സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിക്കുന്നവര്‍) വൈകല്യം സംഭവിച്ച് പിരിയേണ്ടി വന്നാല്‍ അവരുടെ പെന്‍ഷന്‍ ഒറ്റയടിക്ക് 70,000 രൂപ കുറച്ചു. കൂടാതെ 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കി 100 ശതമാനം വൈകല്യം സംഭവിച്ചവരുടെ പെന്‍ഷനും 40,000 രൂപ കുറച്ചു.ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് 27,000 രൂപയും ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍മാര്‍ക്ക് 17,000 രൂപയും മറ്റ് റാങ്കിലുള്ളവര്‍ക്ക് 12,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പെന്‍ഷന്റെ പുതിയ സ്ലാബ്. സപ്തംബര്‍ 30ന് ഇറക്കിയ ഉത്തരവിന് മുമ്പ് അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സൈനികന് 30,400 രൂപയായിരുന്നു പ്രതിമാസം ശമ്പളമെങ്കില്‍ 100 ശതമാനം വൈകല്യം സംഭവിച്ചാല്‍ വികലാംഗ പെന്‍ഷനായി അത്രയും തുക ലഭിക്കുമായിരുന്നു.