ഇതാണ് ഒറിജിനല്‍ അച്ചായന്‍: 39 ഭാര്യമാര്‍, 94 മക്കള്‍, ഒറ്റ മേല്‍ക്കൂരക്കു കീഴില്‍ 167 അംഗങ്ങള്‍
ഒന്നുകൊണ്ടേ തോറ്റൂവെന്നാണ് വിവാഹജീവിതത്തെക്കുറിച്ച് പണ്ടുമുതലേ കേള്‍ക്കുന്ന തമാശ. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നേ പറയൂ. എന്നാല്‍ ഒരു ഭാര്യയെക്കൊണ്ടല്ല, 39 ഭാര്യമാരുണ്ടായാലും തോല്‍ക്കില്ലെന്നാണ് മിസോറാമിലെ സിയോണ ചാന പറയുന്നത്. 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരൊറ്റ കൂരക്കുള്ളില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് 66കാരനായ ചാന.
മിസോറാമിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജീവിക്കുന്ന ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. അടിയും ബഹളങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കുടുംബത്തില്‍ മൊത്തം 167 അംഗങ്ങളുണ്ട്. വീട്ടിലും വീട്ടുപണികളിലും മക്കളുടെ കാര്യത്തിലും ഒരു നല്ല ഒത്തൊരുമയുള്ള മാതൃക. ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്. അവിടെ ഒരൊറ്റ അടുക്കളമാത്രം.
വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അടുക്കളയില്‍ പാചകം ചെയ്യുന്നതും ഭാര്യമാര്‍ തന്നെ. വീട് വൃത്തിയാക്കുന്ന ചുമതല മക്കളിലും. ചാനയാണെങ്കിലോ പുറംപണികളിലും കൃഷിയിലും സജീവമായിരിക്കുകയും ചെയ്യും. പരിചരിക്കാനും സ്നേഹിക്കാനും ചുറ്റിലുമെപ്പോഴും ചാനക്ക് ആറോ ഏഴോ ഭാര്യമാരുണ്ടായിരിക്കും. വര്‍ഷത്തില്‍ 10വിവാഹം വരെ കഴിച്ചിട്ടുള്ളയാളാണ് ചാന.
കുടുംബത്തിന്റെ വിപുലീകരണത്തിന് വേണ്ടി ഇനിയും വിവാഹമെന്നത് ചാനക്ക് ഒരുതരത്തിലും വെല്ലുവിളിയുമല്ല. ‘ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു.