പതിനഞ്ചു തിയറ്ററുകളില്‍ കൂടി ഭൈരവ റിലീസ് ചെയ്യുന്നു ; ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്

കൊച്ചി : ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ സമരം പരാജയപ്പെടുന്നു. പുതിയ മലയാള ചിത്രങ്ങളുടെ റിലീസിന് തടയിട്ട തിയറ്റര്‍ സമരം കാരണം മലയാളത്തില്‍ ക്രിസ്തുമസ് മുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ആയ തമിഴ് ചിത്രം ഭൈരവ മലയാള സിനിമ മേഖലയ്ക്ക് ഒരു ഉണര്‍വ് സമ്മാനിച്ചു എന്ന് പറയാം. കാരണം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷനില്‍ അംഗങ്ങളായ 30 തിയറ്ററുകളില്‍ ഭൈരവ റിലീസ് ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്ത തിയറ്ററുകളെ സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് ഭാരവാഹികള്‍ അറിയച്ചതിന് പിന്നാലെ പുതിയ 15 തിയറ്ററുകള്‍ കൂടി സമരത്തില്‍ നിന്നും പിന്മാറി ഇന്നുമുതല്‍ ഭൈരവ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതോടെ സംഘടന പിളരുന്നു എന്ന സൂചന വ്യക്തമായി.അതുമല്ല നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ട് .ഇന്ന് ദിലീപിന്‍റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും കൊച്ചിയില്‍ യോഗംചേരുന്നുണ്ട്. ഫെഡറേഷനു പുറത്തുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, നിർമാതാക്കൾ, വിതരണക്കാർ, മൾട്ടിപ്ലെക്സ് ഉടമകൾ, തിയറ്റർ ബിസിനസുള്ള ചില താരങ്ങൾ, ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്. പുതിയ സംഘടന നിലവില്‍ വന്നാല്‍ മലയാള ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളില്‍ എത്തും.