വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച്ച കിട്ടിയെന്ന വാര്‍ത്ത വ്യാജം


കൊച്ചി: തനിക്ക് ചികിത്സയിലൂടെ കാഴ്ച തിരിച്ചുകിട്ടി എന്ന മട്ടില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു. ‘കുറച്ചുനാളായി ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയിലാണ്. ആകെ നൂറ് ഡോസാണ് മരുന്ന്. മാസം ഒരു ഡോസെന്ന തോതിലാണ് കഴിയ്ക്കുന്നത്. 10 ഡോസ് കഴിച്ചു. ട്യുബ് ലൈറ്റിലേക്കും മറ്റും നോക്കുമ്പോള്‍ വെളിച്ചം തോന്നുന്നുണ്ട്. ഈ നേരിയ മാറ്റത്തെപ്പറ്റിയാണ് ഞാനും അച്ഛനും പറഞ്ഞത്. അത് വാര്‍ത്തയായപ്പോള്‍ എനിക്ക് കാഴ്ച തിരികെ കിട്ടിത്തുടങ്ങി എന്ന മട്ടിലായി. അതെപ്പറ്റി ധാരാളം ഫോണ്‍ വിളികള്‍ വരുന്നു. അതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്’ വിജയലക്ഷ്മി പറഞ്ഞു.

കാഴ്ച തിരികെ കിട്ടണം എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അതിനു ശ്രമിക്കുന്നു. കിട്ടുന്നുണ്ട് എന്ന മട്ടിലൊന്നും പറഞ്ഞിട്ടില്ല. അത്തരം പ്രചരണം ഞങ്ങളെയും ഡോക്ടറേയും വിഷമത്തിലാക്കുന്നു” വിജയലക്ഷ്മിയുടെ അച്ഛന്‍ വി മുരളീധരനും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നത്. വൈദ്യശാസ്ത്രപരമായ ആധികാരികത ഉറപ്പുവരുത്താതെ ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. വിജയലക്ഷ്മിയെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍ അവകാശപ്പെട്ട മറ്റു ചില ‘ചികിത്സാ വിജയ’ങ്ങളും വിവാദമായി. ഈ സാഹചര്യത്തിലാണ് വിജയലക്ഷ്മിയും കുടുംബവും കാര്യങ്ങള്‍ വിശദീകരിച്ചത്. ഡോക്ടര്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അവര്‍ പറയുന്നു.