ലോ അക്കാദമി സമരം നീണ്ടുപോകാന്‍ കാരണം എസ് എഫ് ഐ എന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം :  ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയും എസ്.എഫ്.ഐയെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍. എസ് എഫ് ഐയുടെ ഈഗോയാണ് ഇപ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം എന്ന് പന്ന്യന്‍ പറയുന്നു. പ്രശ്‌നത്തില്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുന്നില്ല. എസ്എഫ്‌ഐയ്ക്കു വേണ്ടിയാണ് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയത്.  വിദ്യാഭ്യാസ മന്ത്രി 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ശനിയാഴ്ച തീര്‍ന്നേനെ എന്ന് പന്ന്യൻ പറഞ്ഞു.   എസ്എഫ്‌ഐയുടെ ഈഗോയ്ക്ക് അനുസരിച്ച് സമരം തീര്‍ക്കാനാവില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അക്കാദമിക്ക് മുമ്പിലെ എ.ഐ.എസ്.എഫ് സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക‍യായിരുന്നു അദ്ദേഹം. മാന്യനായ അധ്യാപകനും മികച്ച മന്ത്രിയുമാണ് പ്രഫ. രവീന്ദ്രനാഥ്. പ്രശ്നപരിഹാര ചർച്ചയിൽ നിന്ന് മന്ത്രി എഴുന്നേറ്റു പോയത് പിന്നിൽ സമരത്തിൽ നിന്ന് പിന്മാറിയ എസ്.എഫ്.ഐയാണ്. നേരത്തെ ഉണ്ടാക്കിയ കരാർ തെറ്റായത് കൊണ്ടാണ് മന്ത്രി വീണ്ടും പ്രശ്നപരിഹാര ചർച്ച വിളിക്കാൻ കാരണം. മാനേജ്മെന്‍റ് തീരുമാനങ്ങള്‍ അംഗീകരിക്കാനായിരുന്നെങ്കില്‍ എസ്.എഫ്.ഐ എന്തിനാണ് സമരം ചെയ്തതെന്നും പന്ന്യന്‍ ചോദിച്ചു.അതേസമയം, ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. കോളജ് തുറക്കാന്‍ ശ്രമിച്ചാല്‍ നേരിടും. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എന്നും എസ്.എഫ്.ഐക്കുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.