കയ്യാലപ്പുറത്തെ തേങ്ങപോലെ ശശികലയുടെ സത്യപ്രതിജ്ഞ: ചടങ്ങുകള്‍ അനിശ്ചിതത്വത്തിലേയ്ക്ക്


ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറായിരുന്ന ശശികല നടരാജന്റെ മോഹങ്ങള്‍ക്ക് ഗവര്‍ണര്‍ സി. വിദ്യാസാഗറുടെ വക അനിശ്ചിതത്വം. അനധികൃത സ്വത്തുസമ്പാദനകേസില്‍ ഒരാഴ്ചക്കകം സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

തമിഴ്‌നാടിന്റെ അധികചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ ഈ കാര്യത്തില്‍ അറ്റോണി ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ സമയം നല്‍കാതെ ചെന്നൈയിലത്തൊനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റി മുംബൈക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ഒ. പന്നീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ സംസ്ഥാനം ഭരണപ്രതിസന്ധിയിലായി. അണ്ണാ ഡി.എം.കെയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്ത ഞായറാഴ്ച പന്നീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിച്ച ഗവര്‍ണര്‍, കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ പന്നീര്‍സെല്‍വത്തോട് നിര്‍ദേശിച്ചു.