വികസനം വേറെ, കാലാവസ്ഥ വ്യതിയാനം മറ്റൊന്ന്: വിയന്ന രാജ്യാന്തര വിമാനത്താവളത്തിനെതിരായി ശ്രദ്ധേയമായ വിധി
വിയന്ന:ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലാവസ്ഥ വ്യതിയാനം ആധാരമാക്കി മധ്യയൂറോപ്പിലെ ഹബ് ആയി അറിയപ്പെടുന്ന വിയന്ന രാജ്യാന്തര വിമാനത്താവളത്തിനെതിരെ കോടതി വിധി. ഹരിതഗൃഹ വാതക ബഹിര്‍ഗമനം കണക്കിലെടുത്ത് വിമാനത്താവളം നിര്‍മിക്കാനിരുന്ന പുതിയ റണ്‍വേ നിര്‍മാണം തടഞ്ഞുകൊണ്ടാണ് ഓസ്ട്രിയയിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധി.
2016ല്‍ 23 മില്യണ്‍ യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പദ്ധതിയാണ് പുതിയ വിധിയോടെ തടസപ്പെട്ടിരിക്കുന്നത്. അധിക കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ മലിനീകരണം പദ്ധതിയെ ഒരിക്കലും ന്യായീകരിക്കാന്‍ മതിയാവില്ലെന്ന് കോടതി വിലയിരുത്തി. സോളാര്‍ പാനലുകള്‍, സാധാരണ വാഹങ്ങള്‍ക്കു പകരം ഇലെക്ട്രിക് കാറുകള്‍ തുടങ്ങി വിമാനത്താവളം മുന്നോട്ടുവച്ച നടപടികള്‍ മലിനീകരണം കുറയ്ക്കാന്‍ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു.
കാലാവസ്ഥാ പരിരക്ഷ കണക്കിലെടുത്ത് മനോഹരമായ ഒരു പദ്ധതി തടയുന്നത് വേറിട്ട അനുഭവമാണെന്ന് വിയന്ന വിമാനത്താവളത്തിന്റെ അഭിഭാഷകന്‍ ക്രിസ്ത്യന്‍ ഷ്‌മെല്‍സ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോടതിവിധി ചരിത്ര സംഭവമാണെന്നാണ് ലിന്‍സ് സര്‍വകലാശാലയിലെ പരിസ്ഥിതി നിയമ വിഭാഗത്തിന്റെ അദ്ധ്യക്ഷ എറിക വാഗ്‌നര്‍ അഭിപ്രായപ്പെട്ടത്.
ഒരു ദശാബ്ദക്കാലമായി പുതിയ ഒരു റണ്‍വേ കൂടി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന വിയന്ന വിമാനത്താവളം വിധിക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.