തമിള്‍ രാഷ്ട്രീയം: വേഷ പ്രച്ഛന്നനായി, മതില്‍ ചാടി എംഎല്‍എ; മതില്‍ ചാടാന്‍ റെഡിയായി പല സിംഹങ്ങളും റിസോര്‍ട്ടിലുണ്ടെന്ന് പനീര്‍സെല്‍വം ക്യാമ്പിലെത്തിയ ശരവണന്‍


ചെന്നൈ: ഒരു എംഎല്‍എ പനീര്‍സെല്‍വം ക്യാമ്പിലെത്തിയത് സാഹസികമായി രക്ഷപ്പെട്ടാണെന്നു വെളിപ്പെടുത്തല്‍. ശശികല ക്യമപായി അറിയപ്പെടുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എം.എല്‍.എ ശരവണനാണ് ഇങ്ങനെ രക്ഷപ്പെട്ടു പനീര്‍സെല്‍വത്തിന്റെ വസതിയിലെത്തിയത്.

കനത്ത കാവലില്‍ കഴിഞ്ഞിരുന്ന എം.എല്‍.എ പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് സിനിമരംഗങ്ങളെ വെല്ലുന്ന സാഹസികത വിവരിച്ചത്. സ്വയം രൂപം മാറി, വേഷ പ്രച്ഛന്നനായി, മതില്‍ ചാടി കടന്നാണ് പനീര്‍സെല്‍വം ക്യാമ്പിലെത്തിയതെന്ന് ശരവണന്‍ പറഞ്ഞു. എന്നാല്‍ റിസോര്‍ട്ടില്‍ നിന്ന് രക്ഷപെട്ടെന്ന വാര്‍ത്ത അണ്ണാഡിഎംകെ വൃത്തങ്ങള്‍ നിഷേധിച്ചു.

താന്‍ ഒരു എഞ്ചിനീയറാണ്. റിസോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗം താന്‍ തന്നെയാണ് ആസൂത്രണം ചെയ്തത്. താന്‍ വെറും പൂച്ച മാത്രമാണ്. പല സിംഹങ്ങളും റിസോര്‍ട്ടിലുണ്ട്. അവരെല്ലാം ചേരി മാറാന്‍ ആഗ്രഹിക്കുന്നവരാണെന്നും ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ എം.എല്‍.എമാരും പനീര്‍സെല്‍വത്തിനൊപ്പം ചേരാന്‍ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശരവണന്‍ കൂടി ചേരി മാറിയതോടെ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം എട്ടായി.