വിജിലന്‍സിനെയും പിണറായി സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് വി.എസ്


തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ വിമര്‍ശിച്ചു വീണ്ടും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ശക്തമായി ശബ്ദിച്ചവര്‍ അധികാരത്തിലെത്തുമ്പോള്‍ അത് മറക്കുകയാണെന്ന് വി.എസ് കുറ്റപ്പെടുത്തി. ബര്‍ട്ടണ്‍ ഹില്‍ ലോ കോളജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ അധികാരത്തിലേറുമ്പോള്‍ അക്കാര്യം പൂര്‍ണമായും മറക്കുകയാണെന്ന് വി.എസ് പറഞ്ഞു. വിജിലന്‍സിനെയും വി.എസ് രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കേസുകളില്‍ വിജിലന്‍സില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന നടപടികള്‍ ഉണ്ടാകുന്നില്ല. സാങ്കേതികവും നിയമപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി വൈകിപ്പിക്കുക. എന്നാല്‍ കാരണം എന്താണെങ്കിലും ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്. അഴിമതി രഹിതമായി ജനങ്ങള്‍ക്കു സേവനം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.