പിറന്നാള്‍ ദിനമായ ഇന്ന് മുതല്‍ പുതിയ വാട്‌സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്


ഉപയോഗത്തില്‍ അതിവേഗം മുന്നേറുന്ന ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ വാട്‌സാപ്പില്‍ മാറ്റങ്ങളുടെ ബഹളം. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്‌നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സാപ്പില്‍ വന്നിരിക്കുന്നത്. മറ്റു ആപ്ലിക്കേഷനുകള്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുമ്പോള്‍ ഇതിനെ മറിക്കടക്കാന്‍ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പുതിയ ഫീച്ചറുമായി അവതരിക്കുന്നത്.

വാട്‌സാപ്പിന്റെ എട്ടാം പിറന്നാള്‍ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്‌സാപ്പ് സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും താല്‍കാല്യകമായി മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും. സുരക്ഷിതമായി ഉപയോഗിക്കാം സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്‌സാപ്പ് അറിയിച്ചു. സ്റ്റാറ്റസിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സുരക്ഷ ഉണ്ടായിരിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി എല്ലാ ഡിവൈസുകളിലും ഈ ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ബ്ലാക്ക്‌ബെറി, നോക്കിയ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും. സ്റ്റാറ്റസ് സുഹൃത്തുക്കളില്‍ ആരൊക്കെ കാണണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം.

സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും ലഭിക്കും.