അഡ്വക്കേറ്റ് ബി.എ. ആളൂരിന് സുസ്വാഗതം!

നജീബ് ചോമ്പാല്‍


അഭിഭാഷകവൃത്തിയില്‍ നവയുഗശൈലി പ്രയോഗിച്ച് ശ്രദ്ധേയനായ അഡ്വ. ബി.എ.ആളൂര്‍ പള്‍സര്‍ സുനിക്കു വേണ്ടി കേസ് വാദിക്കാന്‍ കേരളത്തിലെത്തുന്നതായി കേള്‍ക്കുന്നു. ഈ വാര്‍ത്ത ഏറെ ആഹ്ലാദകരമാണ്. നാം കണ്ടു ശീലിച്ചത് ഫ്യൂഡല്‍ യുഗത്തില്‍ രൂപം കൊണ്ട ഡയറക്ട് ആര്‍ഗ്യുമെന്റ് ശൈലിയാണല്ലോ? ഈ ശൈലിയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി കോര്‍പറേറ്റ് യുഗം ജന്മം നല്കിയതാണ് ഇന്‍ഡയറക്ട് ആര്‍ഗ്യുമെന്റ്. അതിന് ഇത്രയും പ്രസിദ്ധി നേടിക്കൊടുത്തതില്‍ ആളൂരിന്റെ പങ്ക് നിസ്തുലമാണ്.

സത്യത്തില്‍ ഇന്‍ഡയറക്ട് ആര്‍ഗ്യുമെന്റ് നമുക്ക് തീര്‍ത്തും അപരിചിതമല്ല. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ഈ ശൈലി പതിറ്റാണ്ടുകളായി പ്രയോഗത്തിലുണ്ട്. ആദിവാസിക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്, അവരുടെ വംശോന്മൂലനം സാദ്ധ്യമാക്കുക എന്നത്, കത്തോലിക്കന്‍ ഉദ്യോഗസ്ഥര്‍ വിജയകരമായി നടപ്പാക്കി വരുന്നുണ്ടല്ലോ? ഗാന്ധിയെ ഉദ്ധരിച്ച്, ഗോഡ്‌സേയെ ന്യായീകരിക്കുന്നതില്‍ ഡോ.കെ.വേലായുധന്‍ നായരെ പോലുള്ള തത്വശാസ്ത്ര പണ്ഡിതര്‍ വിജയം വരിച്ചിട്ടുള്ളതും നമുക്കറിയാം.

തൊഴിലാളി വര്‍ഗ്ഗത്തെ നയിച്ചു കൊണ്ട്, മുതലാളി വര്‍ഗ്ഗത്തെ പരിപോഷിപ്പിക്കുന്ന ഇന്ത്യന്‍ കമ്യൂണിസത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും തന്നെ ഇന്‍ഡയറക്ട് ആര്‍ഗ്യുമെന്റിനെ ആദരിക്കാതെ വയ്യ. ഈ നൂതനശൈലി നിയമരംഗത്ത് പ്രയോഗിച്ച് വിജയിക്കുന്നു എന്നതാണ് അഡ്വ. ആളൂരിനോട് നമുക്കുള്ള വിദ്വേഷമെങ്കില്‍, നാം വെറും പോഴന്മാരായ യാഥാസ്ഥിതികര്‍ മാത്രമാണെന്നേ പറയാവൂ. എന്നാല്‍, സോഷ്യലിസം പ്രസംഗിച്ച് ക്യാപിറ്റലിസം വളര്‍ത്തിയ നെഹ്രുവും, മൃദുഹിന്ദുത്വം പറഞ്ഞ് തീവ്രഹിന്ദുത്വം വളര്‍ത്തിയ വാജ്‌പേയിയും നമുക്ക് ആദരണീയരാണ്.

അഡ്വ. ആളൂര്‍ മദ്ധ്യപക്ഷവാദിയാണ്. അതായത്, അദ്ദേഹം മര്‍ദ്ദകരെയോ, മര്‍ദ്ദിതരെയോ പൂര്‍ണ്ണമായും പിന്താങ്ങുകയില്ല. പരാമര്‍ശിക്കപ്പെടാത്ത ഒരു മൂന്നാം പക്ഷത്തോടാണ് അദ്ദേഹത്തിന് വിധേയത്വം. ഇതിനെ നിഴല്‍പക്ഷവാദം എന്നും വിളിക്കാം. ഈ നിഴല്‍പക്ഷത്തിന്റെ സാന്നിദ്ധ്യമുള്ള കേസുകളോടാണ് അദ്ദേഹത്തിന് പ്രിയം. അത്തരം കേസുകള്‍ നിഴല്‍പക്ഷത്തു നിന്നും ഔദാര്യം സ്വീകരിച്ചു കൊണ്ട്, ഒരു പ്രോസ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വഴി ദിശ മാറ്റപ്പെട്ടതുമായിരിക്കും.

ഈ കേസുകളില്‍ പുനരന്വേഷണത്തിന് ഇടയാക്കാതെ, പ്രത്യക്ഷപക്ഷത്തെ അന്തിമഘട്ടം വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി, ഒടുവില്‍ മിതമായ ശിക്ഷ ഉറപ്പുവരുത്തുകയാണ് ഇന്‍ഡയറക്ട് ആര്‍ഗ്യുമെന്റിലൂടെ സാധിക്കുന്നത്. ഒരേ സമയം കൂട്ടിലുള്ള പ്രതിക്കു വേണ്ടി ഘോരഘോരം ഗര്‍ജ്ജിക്കുകയും, നിഴല്‍ രൂപത്തില്‍ സ്ഥിതിചെയ്യുന്ന പ്രതികളെ കുറിച്ച് ഒരക്ഷരം പോലും ആരാലും പരാമര്‍ശിക്കപ്പെടാതെ നോക്കുകയും ചെയ്യുന്ന ക്ലേശകരമായ റോളാണ് അഡ്വ. ആളൂര്‍ അസൂയാവഹമാം വിധം നടപ്പാക്കുന്നത്. ഇത് അസാമാന്യമായ സംഘാടന മികവ് ആവശ്യപ്പെടുന്ന ഒന്നാണ്.

സൗമ്യ ട്രെയിനില്‍ നിന്നും ചാടിയത് ഗോവിന്ദച്ചാമിയെ കണ്ടല്ലെന്നതും, അയാള്‍ അവളുടെ തലയില്‍ കല്ലെടുത്ത് കുത്തിയിട്ടില്ലെന്നതും പച്ചയായ സത്യങ്ങളാണ്. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടി, ട്രാക്കിലെ കരിങ്കല്ലുകളില്‍ തലയിടിച്ചു ഞരങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്തതും, മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമാണ് അയാളുടെ കുറ്റങ്ങള്‍. സൗമ്യ സത്യത്തില്‍ ആരെ കണ്ടാണ് ചാടിയത് എന്ന വഴിക്ക് ആരും അന്വേഷണം നടത്തിയിട്ടില്ല. ആ നിഴല്‍പക്ഷത്തെ അന്തിമ നിമിഷം വരെ അഡ്വ. ആളൂര്‍ സമര്‍ത്ഥമായി സംരക്ഷിച്ചു.

ജിഷയുടെ കേസിലും നടക്കാന്‍ പോകുന്നത് ഇതാണ്. ഏതോ ചിലര്‍ പ്രോസ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വഴി, നിഴല്‍പക്ഷമായി നില്ക്കുന്നു. പ്രത്യക്ഷരൂപമായ അമീറുല്‍ ഇസ്ലാം കൊല നടത്തിയത് തെളിയിക്കാന്‍ പ്രയാസമാണ്. എന്നാല്‍, അന്തിമനിമിഷം വരെ ചിത്രത്തില്‍ അയാള്‍ തന്നെയുണ്ടാവുകയും, നിഴല്‍പക്ഷം ആരാലും പരാമര്‍ശിക്കപ്പെടാതെ സുരക്ഷിതമാവുകയും ചെയ്യും. മന്ദബുദ്ധികളായ നാം പ്രതിയെയും, കോടതിയെയും, ഒപ്പം ആളൂരിനെയും പ്രാകിനടക്കും. ഈ പ്രാക്കിനുള്ളതാണ് കനത്ത ഫീസിന്റെ സിംഹഭാഗം.

നടീപീഢനം കുറേകൂടി സങ്കീര്‍ണ്ണമാണ്. ഇവിടെ ഇര ജീവിച്ചിരിപ്പുണ്ട്. അതായത്, കുറേക്കൂടി ഭീമമായ ഫീസ് ചുമത്തപ്പെടും. ഔദ്യോഗിക സംവിധാനങ്ങളിലുള്ള ആരൊക്കെ, എത്രയൊക്കെ വാങ്ങിച്ചിട്ടുണ്ടോ, അവരൊക്കെ തന്നെ കിട്ടിയതില്‍ പാതി ആളൂരിനു കൊടുത്ത്, തടി രക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍, സമദൂരം വിട്ട് ശരിദൂരം പിടിക്കും. ഡയറക്ട് ആര്‍ഗ്യുമെന്റ് തുടങ്ങും. പള്‍സര്‍ പലതും പച്ചയ്ക്കു പറയും. വാദം അന്വേഷണം അട്ടിമറിച്ചതിന് എതിരെയും, പുനരന്വേഷണത്തിനു വേണ്ടിയുമാകും. അതോടെ, ഏമാന്മാരുടെ ചീട്ട് കീറും.
നമ്മുടെ നേതാക്കള്‍ നമ്മെ വിഡ്ഢികളാക്കി, അകത്തളങ്ങളില്‍ വെച്ച് സമുദായനേതാക്കളോടും, ശതകോടീശ്വരന്മാരോടും വിലപേശി നടത്തുന്ന ആ കച്ചവടമുണ്ടല്ലോ, അത് നിയമരംഗത്ത് സമര്‍ത്ഥമായി നടപ്പാക്കുന്ന ഒരു ബിസിനസ് പ്രതിഭയാണ് ആളൂര്‍. ഒരു സാദാ വക്കീലിന് ഉന്നതന്മാരോട് കട്ടയ്ക്കു നിന്ന് വിലപേശാനുള്ള ധൈര്യമുണ്ടാവുകയില്ല. ആളെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍, അതിന് മറുപടിയായുള്ള ആളുകള്‍ ആളൂരിനുമുണ്ട്. പുള്ളി അധോലോകത്തിന്റെ രാജധാനിയില്‍ നിന്നാണ് വരുന്നത്. വോ മുംബൈ ഡോണോം കാ ആദ്മീ ഹൈ. സംഝാ? ഏതായാലും, നാടകത്തിന്റെ രണ്ടാം പകുതി ഗംഭീരമാകട്ടെ. അഡ്വ. ആളൂര്‍, താങ്കളെ നേരില്‍ കണ്ട് കൊച്ചി കുളിരണിയട്ടെ.