കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് രഹസ്യാന്വേഷണ വിഭാഗം


തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ചു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്തത് 1,75,000 ക്രിമിനല്‍ കേസുകളാണ്. സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന ആക്ഷേപം മുന്നണിയില്‍നിന്നുതന്നെ ഉയരുമ്പോള്‍ ഈ കണക്കുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയേക്കും.

എട്ടു മാസത്തിനിടെ പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തു നടന്നത്. 1,100 പീഡനക്കേസുകള്‍ ഇതില്‍ അറുനൂറ്റി മുപ്പതു കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് അതിക്രമങ്ങള്‍ 3200ലേറെ വരും. 4200 ലഹരിമരുന്നു കേസുകളും 7200 ദലിത് പീഡന കേസുകളും റജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ എട്ടു മാസത്തില്‍ ഉണ്ടായതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് കൂടുതല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളില്‍ മാത്രം 330 എണ്ണത്തിന്റെ വര്‍ധന. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. കേസുകളുടെ എണ്ണം കൂടാന്‍ ഇതും കാരണമായിട്ടുണ്ട്.