ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനകള്‍ക്കെതിരെ ഇന്ത്യ ഗവണ്മെന്റിന്റെ രഹസ്യയുദ്ധം

ജോര്‍ജ് ഏബ്രഹാം യു.എസ്. എ


ഷിക്കാഗോ: ഇന്‍ഡ്യയിലെ 580 അംഗീകൃത കേന്ദ്രങ്ങള്‍ വഴി അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ഒരുലക്ഷത്തി നാല്പത്തയ്യായിരം ദരിദ്രകുട്ടികള്‍ക്ക് സഹായം നല്കിവരുകയായിരുന്ന ഒരു ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനയാണ് കമ്പാഷന്‍ ഇന്റര്‍നാഷണല്‍. എന്നാല്‍ കമ്പാഷന് ലഭിച്ചിരുന്ന സഹായം ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യാ ഗവണ്മെന്റ് പെട്ടെന്ന് നിര്‍ത്തലാക്കി. ഇതു സംബന്ധിച്ച് കൊളൊറാഡോയില്‍ നിന്നുള്ള സെനറ്റര്‍ കോറിഗാര്‍ഡനര്‍ നല്കിയ വിശദീകരണം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി.

ഒരു ക്രിസ്തീയ സംഘടനയാണെന്ന ഏകകാരണത്താല്‍ 2014 മുതല്‍ ഗവണ്മെന്റിന്റെ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് കമ്പാഷന്‍ ഇരയായിട്ടുണ്ട്. ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് മനുഷ്യോന്മുഖ സേവനങ്ങള്‍ നല്കിവരികയായിരുന്നു ഈ സംഘടന. യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെങ്കിലും 2016 ഫെബ്രുവരി മുതല്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കമ്പാഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കമ്പാഷന്‍ ഇന്റര്‍നാഷണലിനോട് ഇന്ത്യാ ഗവണ്മെന്റ് കാട്ടുന്ന ഈ മോശമായ പെരുമാറ്റം അവസാനിപ്പിക്കുന്നതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശ്രദ്ധിക്കണമെന്നും, ഇന്‍ഡ്യയിലെ ഇതര എന്‍.ജി.ഒകളും ഇതേ പ്രതിസന്ധി നേരിടാന്‍ ഇടയുണ്ടെന്നും ഗാര്‍ഡനര്‍ പ്രസ്താവിച്ചു.

ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് ഗാര്‍ഡനറെ അഭിനന്ദിച്ച ടില്ലേഴ്സണ്‍, ഇതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ച ശേഷം സെനറ്ററോടൊപ്പം ഇതിനായി പ്രവര്‍ത്തിക്കാം എന്നു സമ്മതിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇക്കാര്യത്തില്‍ ഇന്‍ഡ്യാ ഗവണ്മെന്റുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫോറിന്‍ റിലേഷന്‍സ് കമ്മറ്റിയുടെ ചെയര്‍മാന്‍ ബോബ് കോര്‍ക്കറും ഈ വിഷയം ഉന്നയിച്ചതിന് സെനറ്റര്‍ ഗാര്‍ഡനറോടു നന്ദി പറയുകയും, ഹൗസ് ഇന്റര്‍നാഷണല്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ എഡ്റോയിസും ഇക്കാര്യം പരിഗണിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

മനുഷ്യസ്നേഹത്തിനു വിലക്കു കല്പിക്കുന്ന നടപടിയാണ് ഇന്ത്യയില്‍ ഗവണ്മെന്റിതര സംഘടനകളോടു കാണിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍. മോദിയുടെ സങ്കുചിത മനോഭാവത്തിനും, രാജ്യ സംരക്ഷണ ദര്‍ശനത്തിനും കൂട്ടുനില്ക്കാത്തവരെയെല്ലാം ഇല്ലായ്മ ചെയ്യുക എന്ന ഗൂഢ ലക്ഷ്യമാണ് ഇവിടെ പ്രായോഗികമാക്കുന്നത്.

ഇന്‍ഡ്യയിലെ ദരിദ്രജനതയെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കുന്നതില്‍ എണ്‍പതു ശതമാനവും നിര്‍വ്വഹിക്കുന്നത് ക്രിസ്തീയ ഗവണ്മെന്റിതര സംഘടനകളാണ്. 1968 മുതല്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പാഷന്‍ വഴി 1,45,000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് മനുഷ്യോന്മുഖ പ്രവര്‍ത്തനം നടത്തുവാനായി പ്രതിവര്‍ഷം 50 മില്യന്‍ ഡോളറാണ് കമ്പാഷനിലൂടെ ഇന്‍ഡ്യയ്ക്കു ലഭിച്ചിരുന്നത്. ഇന്‍ഡ്യയ്ക്കു ലഭിച്ചിരുന്ന ഏറ്റവും വലിയ ധനസഹായമായിരുന്നു അത് എന്ന് കമ്പാഷന്റെ യു.എസ്. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം ഗ്ലെന്‍ പറഞ്ഞു.

മോദി ഗവണ്മെന്റ് ‘കമ്പാഷനെ’ അടച്ചുപൂട്ടുന്നതുവഴി അവശ്യ സഹായം ലഭിക്കേണ്ട ഒരു വലിയ വിഭാഗം ജനസമൂഹം ദുരിതത്തിലായിരിക്കുന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്. രാഷ്ട്രീയ ചര്‍ച്ചകള്‍ പോലെ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും ഇത്തരം നശീകരണപ്രക്രിയകള്‍ നടത്തുമ്പോള്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് സമൂഹത്തിലെ ദരിദ്രവിഭാഗമാണ്. കമ്പാഷനില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങളുടെ ഭാവി ഭദ്രമാക്കുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മോദി ഗവണ്മെന്റ് കമ്പാഷന്റെ 3.5 മില്യന്‍ ഡോളറാണ് തടഞ്ഞതെന്ന് കമ്പാഷന്‍ പ്രസിഡന്റും സി.ഇ.ഒയുമായ സാന്റിയാകോ മെല്ലാഡോ ഒരു ലേഖനത്തില്‍ എഴുതി. കമ്പാഷന്‍ ക്രിസ്തീയ മൂല്യങ്ങളിലധിഷ്ഠിതവും സ്ഥാപിതവുമാണെന്ന ഏകകാരണം മാത്രമേ ഇതിനു പിന്നിലുള്ളു. ക്രിസ്തീയ മൂല്യങ്ങള്‍ ദേശീയ താല്പര്യങ്ങള്‍ക്ക് ഒരു ഭീഷണിയാണെന്നും സാധുക്കളെ അതു പഠിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് കരുതുന്നുണ്ടാവാം എന്ന് ചാരിറ്റിക്കു നേതൃത്വം നല്കുന്ന അറ്റോണി സ്റ്റീഫന്‍ ഓക്ക്ലേ പറഞ്ഞു.

2016 ഡിസംബറില്‍ കമ്പാഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫോറിന്‍ അഫയേഴ്സ് കമ്മറ്റിയുടെ ചെയര്‍മാന്‍ എഡ്റോയ്സ് ശ്രവിക്കുകയുണ്ടായി. ”ഇന്‍ഡ്യയിലെ അമേരിക്കന്‍ കമ്പാഷന്‍: ഗവണ്മെന്റ് തടസ്സങ്ങള്‍” എന്നതായിരുന്നു വിഷയം. എല്ലാ തലങ്ങളിലുമുള്ള കമ്പാഷന്‍ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തുവെങ്കിലും അനുകൂലമായ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഇന്ത്യയെ ഒരു വിവിധ സംസ്‌കാര, ബഹുമുഖ സമൂഹമായി വളര്‍ത്തുന്നതിനുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ് ഹിന്ദുത്വ തത്വസംഹിതയിലധിഷ്ഠിതമായ മോദി ഗവണ്മെന്റിന്റെ ഈ നീക്കം. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മോദി ഗാന്ധിജിയുടെ സ്വപ്നങ്ങളെ താലോലിച്ചു സംസാരിക്കുമെങ്കിലും അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുമ്പോള്‍ അദ്ദേഹം മൗനമവലംബിക്കും.

ബി.ജെ.പി ഗവണ്മെന്റ് ക്രിസ്തീയ സംഘടനകള്‍ക്ക് വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതിന് നിയന്ത്രണവും വിലക്കുകളും ഏര്‍പ്പെടുത്തിയിരിക്കെ സംഘപരിവാര്‍ പോലെയുള്ള സംഘടനകള്‍ വിദേശ രാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിനു ഡോളര്‍ ശേഖരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (UNCIRF) അടുത്തകാലത്ത് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”ഇന്‍ഡ്യന്‍ ഗവണ്മെന്റ് ചില എന്‍.ജി.ഒ കള്‍ക്ക് വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനായി എഇഞഅ നിയമങ്ങള്‍ നവീകരിക്കുകയും ഹിന്ദുത്വ പിന്തുണയുള്ള സംഘടനകളെ ഈ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം സംഘടനകള്‍ക്ക് വിദേശ ധനവിനിമയം കൂടുതല്‍ ഉപയോഗയോഗ്യമാക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഈ ആനുകൂല്യം ഒരു രാഷ്ട്രീയ ആയുധമായി മാറ്റുന്നതുവഴി സാധാരണ പൗരന്റെ ജനാധിപത്യ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്.

2002-ലെ ഗുജറാത്ത് കലാപത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടിയ പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റസെറ്റല്‍വാദ് മോദി ഗവണ്മെന്റിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അവര്‍ നേതൃത്വം നല്കുന്ന ”യൂണിറ്റി ഫോര്‍ പീസ് & ജസ്റ്റിസ് ആന്‍ഡ് സബ്രാങ്ങ് ഇന്റര്‍നാഷണല്‍ എന്ന സംഘടന അനധികൃതമായി വിദേശപണം സ്വീകരിച്ചുവെന്നാരോപിച്ച് കുറ്റം ചുമത്തപ്പെടുകയും സംഘടനയുടെ FCRA ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഗ്രീന്‍ പീസ് ഇന്‍ഡ്യയുടെ പ്രിയ പിള്ളയെ ഇംഗ്ലണ്ടില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ പോകവേ ഇന്ത്യയുടെ ദേശീയ താല്പര്യത്തിനു ഹാനി വരുത്തി എന്നാരോപിച്ച് വിമാനത്തില്‍ തടയുകയും, സംഘടനയുടെ എഇഞഅ റദ്ദാക്കുകയും ചെയ്തു. മനുഷ്യാവകാശാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള എന്‍.ജി.ഒകളെപ്പോലും വെറുതെ വിട്ടിട്ടില്ല.

FCRA ലൈസന്‍സ് റദ്ദാക്കുന്നതോടെ ഈ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ കഴിയാതെവരികയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും ചെയ്യും. കാരണം ഇത്തരം സംഘടനകളെല്ലാം വിദേശ സംഭാവനകളാല്‍ മാത്രം മുമ്പോട്ടുപോകുന്നവയാണ്. രാജ്യാന്തര ഉറവിടങ്ങള്‍ ഇവരുടെമേലുള്ള രാഷ്ട്രീയ ദൃഷ്ടി മനസ്സിലാക്കിയോ അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി ഭയന്നോ ഇവരെ സഹായിക്കുവാന്‍ മുതിരുകയില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ നേടിയ ധനസ്ഥിതി വച്ചുനോക്കിയാല്‍ ഇന്ത്യയുടെ ജീവകാരുണ്യ മനോഭാവം ഇനിയും വളരെ മെച്ചപ്പെടേണ്ടതുണ്ട് എന്നു മനസ്സിലാകും.

ഏകദേശം 20,000 എന്‍.ജി.ഒ കളുടെ FCRA ലൈസന്‍സാണ് ഇതുവരെ റദ്ദാക്കിയത്. FCRA ലൈസന്‍സിനെ അടിച്ചമര്‍ത്തലിനുള്ള ഉപകരണമാക്കുന്ന മോദി ഗവണ്‍മെന്റിന്റെ നയത്തിനെതിരെ ഇതില്‍ ചില സംഘടനകള്‍ ഒത്തുചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കി. ഈ നടപടിയെക്കുറിച്ച് ഒരു മനുഷ്യാവകാശ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത് ‘FCRA ലൈസന്‍സ് പുതുക്കാതിരിക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമായോ വസ്തുതാപരമായോ കുറ്റകരമല്ല. വിദേശ ഫണ്ടുള്‍പ്പെടെയുള്ള സംഘടനകളുടെ ഫണ്ടിന്മേല്‍ ഗവണ്മെന്റ് പിടിമുറുക്കുന്നതുവഴി മനുഷ്യാവകാശം തടയപ്പെടുകയാണു ചെയ്യുന്നത്.”

പേരുകേട്ട എന്‍.ജി.ഒ കളായ ഗ്രീന്‍ പീസ്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുമായി ഗവണ്മെന്റിന്റെ തുറന്ന യുദ്ധം, ഇന്‍ഡ്യയിലെ ഗ്രാമാന്തരങ്ങളില്‍ തികച്ചും ദരിദ്രരായി കഴിയുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ എന്‍.ജി.ഒ കളോടുള്ള ഒരു രഹസ്യപോരാട്ടം കൂടിയാണ്. ഇന്ത്യയിലുടനീളം 350 എന്‍.ജി.ഒ കളിലായി 25000 വോളണ്ടിയര്‍മാര്‍ വഴി വിവിധ മനുഷ്യോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയുടെ കാരിത്താസ് ഇന്റര്‍നാഷണലും, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട് ഗവണ്മെന്റിന്റെ ഏകാധിപത്യ നടപടിക്ക് ഇരയായിരിക്കുകയാണ്.

നിയമപരമായോ, പ്രവര്‍ത്തനരംഗങ്ങളിലോ യാതൊരു വീഴ്ചയും വരുത്താതെ പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ എന്‍.ജി.ഒ കളെ മനഃപൂര്‍വ്വം അടിച്ചമര്‍ത്തുവാനും ഇല്ലായ്മ ചെയ്യുവാനുമുള്ള ഗൂഢലക്ഷ്യമാണ് ഇവിടെ നടപ്പാക്കുന്നതെന്ന് നിസ്സംശയം മനസ്സിലാക്കാം. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെയും മനുഷ്യാവകാശ നിരീക്ഷകരുടെയും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത് എന്‍.ജി.ഒ കളെ പിടിച്ചുകെട്ടുവാന്‍ ഗവണ്മെന്റ് എഇഞഅ ഉപയോഗിക്കുന്നു എന്നാണ്. പൊതു താല്പര്യം, ദേശീയ താല്പര്യം തുടങ്ങിയ നിയമപരമായി വ്യക്തതയില്ലാത്ത പ്രയോഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കി രാജ്യത്ത് ഹിന്ദു ഐക്യം വളര്‍ത്തുന്നതിനുള്ള ശ്രമമാണിത്. ആര്‍.എസ്.എസ് നേതൃത്വം നല്കുന്ന ഹിന്ദുത്വ ആശയത്തെ വളര്‍ത്തുന്നതിനുള്ള ”ദേശീയ താല്പര്യ”മാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

(ലേഖകന്‍ ജോര്‍ജ് ഏബ്രഹാം, യു.എന്‍ മുന്‍ ചീഫ് ടെക്നോളജി ഓഫീസറും, അമേരിക്കയില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനും ആണ്.)