40 മുട്ടവെള്ള എല്ലാ ദിവസവും കഴിച്ച് പ്രഭാസ് ബാഹുബലിയായി
ബാഹുബലിയുടെ വാര്‍ത്തകളാണ് ദിവസവും. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. അതിനിടയില്‍ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും മറ്റും പരന്ന റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ അമ്പരപ്പും, അതിലേറെ ചര്‍ച്ചയുമായി.
സിനിമയിലെ നായകനായ പ്രഭാസിന് ബാഹുബലിയിലേക്ക് വഴിയൊരുക്കിയത് രാജമൗലിയുടെ തന്നെ ഛത്രപതിയെന്ന ചിത്രമാണ്. ചെന്നൈയില്‍ ജനിച്ച, എന്‍ജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണു സിനിമയിലെത്തുന്നത്. വര്‍ഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളര്‍ന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ഛത്രപതിയിലെ അഭയാര്‍ഥി വേഷത്തിലൂടെയാണ് സൂപ്പര്‍താരമായി മാറുന്നത്.
തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാന്‍ രാജമൗലിക്കു പ്രേരണയായതും ഛത്രപതിയിലെ അനുഭവവും പരിചയവുമാണ്. അതേസമയം ബാഹുബലിയ്ക്ക് വേണ്ടിയുള്ള പ്രഭാസിന്റെ സമര്‍പ്പണവും ഏറെ പ്രത്യേകത നിറഞ്ഞാതായിരുന്നു.
ബാഹുബലിയാകാന്‍ താരം കുറെ വിയര്‍പ്പൊഴുക്കി. ശരീരം തന്നെ മാറ്റിമറിച്ചു. ആയോധനകലയില്‍ പ്രാവിണ്യം നേടി. അധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഫലം സിനിമയില്‍ പ്രതിഫലിച്ചു എന്നതാണ് സത്യം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും അദ്ദേഹം കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിമ്മില്‍ മണിക്കൂറുകളോളം വര്‍ക്ക്ഔട്ട്. ഇങ്ങനെയൊക്കെയാണ് പ്രഭാസ് അക്ഷരാര്‍ഥത്തില്‍ ബാഹുബലി ആയത്.









