ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനം; ഉളളടക്കം ഹാജരാക്കിയിട്ടാല്ലായിരുന്നെന്ന് ചീഫ് സെക്രട്ടറി

വിവാദ കോലാഹലം ഉണ്ടാക്കിയ ഡിജിപി ജേക്കബ് തോമസിന്റെ ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനം ഉണ്ടായെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് അറിയിച്ചിരുന്നു. എന്നാല്‍ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ബാര്‍ കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, ജേക്കബ് തോമസ് മദനിയെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നിങ്ങനെയുളള പുസ്തകത്തിലെ ഉളളടക്കങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എ കെസി ജോസഫ് കത്ത് നല്‍കിയിരുന്നു.

ഔദ്യോഗിക രഹസ്യനിയമം സര്‍വീസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ജേക്കബ് തോമസ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.