വന്‍കിടക്കാര്‍ക്ക് കുടപിടിക്കുന്ന നിയമസെക്രട്ടറി: രാജമാണിക്യം റിപ്പോര്‍ട്ട് തള്ളി, കമ്പനികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടില്ലെന്നും കണ്ടെത്തല്‍
വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതികള്‍ക്ക് മാത്രമെ കഴിയുകയുളളൂവെന്നും ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികള്‍ ഉള്‍പ്പെടെളളവയുടെ തോട്ടഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യത്തിന്റെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് തളളി.
പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണിതെന്നും നിയമ സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.വന്‍കിട തോട്ടങ്ങളെ അനധികൃത കൈയേറ്റമായി കാണാനാകില്ലെന്നും രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
നിയമനിര്‍മ്മാണം വേണ്ടി വന്നാല്‍ ചോദ്യം ചെയ്യപ്പെടും. ഹാരിസണ്‍ ഉള്‍പ്പെടെയുളള കമ്പനികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടില്ലെന്നും അവരുടെ പക്കലുളള ഭൂമി കൈവശ ഭൂമിയാണെന്നും കണക്കാക്കാനെ കഴിയുവെന്നും കത്തില്‍ പറയുന്നു.
കോടതികള്‍ വഴിയെ ഭൂമി തിരിച്ച് പിടിക്കാനാകൂവെന്നും ആവശ്യമെങ്കില്‍ വന്‍കിട തോട്ടങ്ങളും കൈയേറ്റങ്ങളും ഏറ്റെടുക്കുന്നതിനായി പുതിയ നിയമം ആകാമെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.



