ലുലുമാള്‍ കോഴിക്കോടും; റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന്, പുറമ്പോക്ക് വിട്ടു നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന് കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം കോഴിക്കോട്ടും ലുലു മാള്‍ വരുന്നു. എന്നാല്‍ മാളിനായി റവന്യൂ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാങ്കാവിനടുത്തെ 19 സെന്റ് പുറമ്പോക്ക് ഭൂമിയിലാകും മാള്‍ ഉയരുക.

മാങ്കാവിലെ 19 സെന്റ് ഭൂമിയ്ക്ക് പകരമായി കോഴിക്കോട്ടെ നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള 26.19 സെന്റ് സ്ഥലവും 204.46 ചതുരശ്ര മീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും മാള്‍ ഉടമകള്‍ സര്‍ക്കാറിന് തിരികെ നല്‍കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് കൊച്ചിയിലെ ലുലു മാള്‍. തിരുവനന്തപുരത്തെ മാളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

റവന്യൂ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന വകുപ്പിന്റെ നിലപാടിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പിന്റെ ഭൂമി ആവശ്യം നേരത്തേ പലതവണ എതിര്‍ക്കപ്പെട്ടിരുന്നു. നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് ജഗ്പാല്‍സിങ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി നിയമവകുപ്പും എതിര്‍പ്പറിയിച്ചിരുന്നു.
തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മന്ത്രിസഭ വീണ്ടും ഫയല്‍ പരിഗണിച്ചത്. നാല് മാസമായി പലതവണ ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.