ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ ; സുനിയുടെ സഹതടവുകാരന്‍റെ മൊഴി ദിലീപിന് അനുകൂലം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരുടെ പ്രതികരണങ്ങള്‍ പരസ്പരം വിരുദ്ധം. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്നും സുനി എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ജയില്‍ അധികൃതരും സുനിലും തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും സുനിയുടെ സഹതടവുകാരനായ വിപിന്‍ ലാല്‍ പറഞ്ഞു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതി എന്ന രീതിയില്‍ ആയിരുന്നു ആ കത്ത് പുറത്ത് വന്നത്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ആ കത്തിന്റെ ഭാഷ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. പള്‍സര്‍ സുനി എഴിതിയതാകാനുള്ള സാധ്യതയില്ലെന്ന് തുടക്കത്തില്‍ തന്നെ പലരും വിലയിരുത്തുകയും ചെയ്തിരുന്നു.

കാക്കനാട്ടെ ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്ന വിപിന്‍ ലാല്‍ എന്ന നിയമ വിദ്യാര്‍ത്ഥിയാണ് ഈ കത്തെഴുതിയത് എന്ന് പിന്നീട് തെളിഞ്ഞു. ആ കത്ത് തന്നെ ഭീഷണിപ്പെടുത്തി എഴുതിച്ചതാണ് എന്നാണ് വിപിന്‍ലാല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ദിലീപ് ആണെന്ന് കരുതുന്നില്ലെന്നും വിപിന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി മാത്രമല്ല, കത്തെഴുതുവാന്‍ ജയില്‍ അധികൃതരും ആ ഭീഷണിക്ക് കൂട്ടുനിന്നു എന്നാണ് വിപിന്‍ലാല്‍ പറയുന്നത്. ജയിലില്‍ നിന്ന് കത്തെഴുതുക എളുപ്പമല്ല. ജയില്‍ സീല്‍ രേഖപ്പെടുത്തിയ പേപ്പര്‍ കത്തെഴുതുന്നതിന് വേണ്ടി സുനി എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല എന്നായിരുന്നു ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് തന്നെ നേരത്തെ പറഞ്ഞിരുന്നു. വിപിന്‍ ലാലിന്റെ മൊഴി ശരിയാണെങ്കില്‍ അത്തരത്തിലും അന്വേഷണം നീളേണ്ടി വരും എന്ന് ഉറപ്പാണ്.