അംഗീകൃത ഗോ രക്ഷകരെത്തുന്നു; ആധാര്‍ ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കും
ഗോരക്ഷയുടെ പേരില്‍ അക്രമസംഭവങ്ങളുള്‍പ്പെടെ രാജ്യത്ത് പെരുകിയ സാഹചര്യത്തില്‍ ഇത്തരക്കാരില്‍ നിന്നും രക്ഷനേടാന്‍ ബി.ജെ.പി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെങ്കിലും അംഗീകൃത ഗോരക്ഷകരെ നിയോഗിക്കുന്നു.
ഗോരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ 90 ശതമാനവും രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു.
ഈ വാക്കുകള്‍ പിന്തുടര്‍ന്നാണ് ഉത്തരാഖണ്ഡും ഹരിയാണയും അംഗീകൃത ഗോരക്ഷകരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നത്. ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടാവുമെന്ന് മാത്രമല്ല ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ടാകും.
എന്നാല്‍ പ്രത്യേക അധികാരമൊന്നും അവര്‍ക്ക് നല്‍കാന്‍ സാധ്യതയില്ല. തങ്ങളുടെ പരിധിയിലുള്ള നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുക. പിന്നീട് വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടിയെടുത്തുകൊള്ളും. ഈ നീക്കവുമായി രംഗത്തെത്തിയ രണ്ട് സംസ്ഥാനങ്ങളും പശു സംരക്ഷണം ലക്ഷ്യമിട്ട് ഗോ സേവാ ആയോഗ് നടപ്പാക്കാനുള്ള നടപടികളുമായി രംഗത്തുണ്ട്.
ഗോരക്ഷകരെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാണ ഗോ സേവ ആയോഗിന്റെ തീരുമാനം. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ സന്നദ്ദരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ഔദ്യോഗിക പരിഗണനയും സംരക്ഷണവും ഉണ്ടെങ്കിലും ഗോരക്ഷകര്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അധികാരം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.









