യുവാവിന് ചികിത്സനിഷേധിക്കപ്പെട്ട സംഭവം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്

ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രി നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത്. വീഴ്ച്ച വരുത്തുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എല്ലാ ജില്ലകളിലും ട്രോമാ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിയേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ മരണത്തെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വമില്ലായ്മക്കെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയരായ ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

ബൈക്ക് അപകടത്തെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മുരുകന് ചികിത്സ തേടി 6 ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല. കൂട്ടിരിക്കാന്‍ ആളില്ലെന്ന പേരിലാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് മുരുകന് ചികിത്സ നിഷേധിച്ചത്. ഇതിനു പുറമെ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഫോണ്‍ വഴി അന്വേഷിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്നായിരുന്നു മറുപടി.

ചികിത്സ നിഷേധിച്ച 5 ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ്, അസീസിയ മെഡിക്കല്‍ കോളേജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.

ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്ന് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രികള്‍ ഏതൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.