ചിക്ക്മംഗലൂരുവില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
ചിക്കമഗളൂരു: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞു രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 20 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്റ്റേഷനില്‍ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20), വയനാട് സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്‌മോളേല്‍ പി.ടി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ (20) എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പതോടെ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം. കനത്ത മഴയില്‍ റോഡില്‍ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിനടിയില്‍പെട്ടാണു കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്.



