ഒരു ക്ഷേത്രത്തിലും സാക്ഷ്യ പത്രം ചോദിച്ചതായി അറിവില്ല; ഇല്ലാത്ത ഒരു പ്രശ്‌നം കുത്തിപൊക്കുന്നുവെന്നും കടകംപള്ളി
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം നല്‍കണമെന്ന അജയ് തറയിലിന്റെ ആവശ്യത്തില്‍ പ്രതികരണമറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരൂവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നും ഒരു ക്ഷേത്രത്തിലും സാക്ഷ്യപത്രം ചോദിച്ചതായി കേട്ടിട്ടില്ലെന്നും കടകംപള്ളി പ്രതികരിച്ചു.
സംസ്ഥാനത്ത് ഒരു ക്ഷേത്രത്തിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തിലുള്ള പ്രശ്‌നമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല, അതൊരു ഗൗരവകരമായ സമൂഹപ്രശ്‌നമാണ്. ഗുരുവായൂരിലെ പ്രശ്‌നം ചര്‍ച്ചചെയ്ത് ഒരു പൊതു അഭിപ്രായം സ്വീകരിച്ച് പരിഹരിക്കണമെന്നും കടകംപള്ളി പറഞ്ഞു.
ഇവിടെ ഇല്ലാത്ത ഒരു പ്രശ്‌നം കുത്തിപൊക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുവാണോ അഹിന്ദുവാണോ എന്നതല്ല, ക്ഷേത്ര ആരാധനയില്‍ വിശ്വാസമുള്ളവര്‍ക്കുവേണ്ടി തുറന്ന് നല്‍കിയിട്ടുള്ളതാണ്. എല്ലാവരും ക്ഷേത്രത്തില്‍ പോകുന്നുണ്ട് ആരും തടസപ്പെടുത്തുന്നില്ല. ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടല്ലോ. അതൊന്നും ഒരു പ്രശ്‌നമല്ല.
ഗുരുവായൂര്‍ ഒഴിച്ച് എന്തെങ്കിലും ഒരു അമ്പലത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ പറയട്ടെ, പരിഹരിക്കാം. ആരാധനയില്‍ വിശ്വാസം ഉള്ളവര്‍ മാത്രമെ അമ്പലത്തില്‍ പോകുന്നുള്ളൂ. 1952 ലെ ദേവസ്വം ബോര്‍ഡ് പ്രശ്‌നം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും കടകം പള്ളി പ്രതികരിച്ചു. നേരത്തെ അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം എന്ന ആവശ്യം അജയ് തറയില്‍ മുന്നോട്ടു വെച്ചിരുന്നു.







