കളഞ്ഞു പോയ പഴ്‌സ് തപാല്‍ വഴി കിട്ടിയ ഉടമ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി; പഴ്‌സിനകത്തെ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു

തന്റെ പക്കല്‍ നിന്ന് എവിടെയോ നഷ്ടപ്പെട്ടുപോയ പഴ്സ് ഇനി എങ്ങനെ കണ്ടെത്തും..? എ.ടി.എം കാര്‍ഡും, ലൈസന്‍സുമടക്കം വിലപ്പെട്ട രേകഖകളെല്ലാം പഴ്സിനൊപ്പം നഷ്ട്ടമായല്ലോ എന്ന നിരാശയിലായിരുന്നു കാസര്‍ഗോഡ് സ്വദേശി കമറുദ്ദീന്‍.ഇടുക്കിയിലെ പൈന്‍ഫോറസ്‌ററ് മുതല്‍ തങ്ങള്‍പാറ വരെയുള്ളവ യാത്രക്കിടയില്‍ എവിടെയോ വെച്ചാണ് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്.

പക്ഷെ തീര്‍ത്തും അവിചാരിതമായി, ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് കമറുദ്ദീന് പഴ്‌സ് തിരികെ കിട്ടിയത്. പഴ്സിനൊപ്പം നഷ്ട്ടമായ വിലപ്പെട്ട രേഖകളും തിരികെ കിട്ടിയെങ്കിലും സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ട്. എന്തെന്നാല്‍ പഴ്സിലുണ്ടായിരുന്ന കാശ് മാത്രം തിരികെ കിട്ടിയില്ല.കാരണം പഴ്‌സ് കിട്ടിയ ആള്‍ അല്‍പ്പം സാമ്പത്തീക പരാശീനനായിരുന്നത്രെ.

എന്തായാലും ഇനിയൊരിക്കലൂം കിട്ടില്ലെന്ന് വിചാരിച്ച തന്റെ പഴ്സും വിലപ്പെട്ട രേഖകളും തിരികെ കിട്ടിയ കമറുദ്ദീന്‍ പാസ്സിന്റെയും തിരികെ കിട്ടിയ തന്റെ വിലപ്പെട്ട രേഖകളുടെയും ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പങ്കു വച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

കമറുദ്ദീന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… ചുവടെ

” ഇടുക്കിയിലെ പൈന്‍ഫോറസ്‌ററ് മുതല്‍ തങ്ങള്‍പാറ വരെയുള്ളവ യാത്രക്കിടയില്‍ (04:09:2017 തിങ്കള്‍ )എവിടെയോ വെച്ച് പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് അറിയുമ്പോഴേക്കും വൈകുന്നേരം 7 മണിയായിരുന്നു . നല്ല മഴയും ഇടിയുമൊക്കെ ഉണ്ടായിരുന്നു ആ സമയം . പേഴ്സ് നിര്‍ബന്ധമായ ഒരാവസ്ഥയായിരുന്നു എനിക്ക് അന്നുണ്ടായത് .ആകെയുണ്ടായ പണവും എ ടി എമും എല്ലാം അതിലായിരുന്നു .മഞ്ഞുമൂടി ആകെ ഇരുട്ടായിരുന്നു . എല്ലായിടത്തും പേഴ്സ് അന്വേഷിച്ചു നടന്നു . വീണ്ടും തങ്ങള്‍പാറ കയറി . നിരാശയായിരുന്നു ഫലം . കൈയില്‍ ഒരു രൂപപോലുമില്ലാതെ ഇടുക്കിയില്‍ നിന്നും എറണാകുളത്തേക്ക് സുഹൃത്തിന്റെ അടുത്തേക്ക് വണ്ടി വിട്ടു . പേഴ്സ് ആര്‍കെങ്കിലും കിട്ടിയാല്‍ തിരിച്ചു തരുമെന്ന ഒരു വിശ്വാസമുണ്ടായിരുന്നു . അങ്ങനെ എറണാകുളത്ത് സുഹൃത്തിന്റെ അടുത്ത് എത്തി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഫോണില്‍ ഒരു മെസ്സേജ് . നിങ്ങളുടെ പേഴ്സ് കിട്ടിയുട്ടുണ്ട് , പ്ലീസ് കോണ്‍ടാക്ട് മീ എന്ന് . ഞാന്‍ ഉടനെ ആ നമ്പറിലേക്ക് വിളിച്ചു . ഞാന്‍ ജോലി ചെയ്യുന്ന ജ്വല്ലറിയുടെ അടുത്തുള്ള ഫാല്‍ക്കണ്‍ ബേക്കറിയിലെ സഹീദിച്ച ആയിരുന്നു . എന്നോട് പറഞ്ഞു നിന്റെ പേഴ്സ് ഇടുക്കിയിലെ വാഗമണിലെ ഒരാളുടെ കൈവശമുണ്ട് . നമ്പര്‍ തന്ന് എന്നോട് വിളിക്കാന്‍ പറഞ്ഞു .ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു . എന്നെ പരിചയപ്പെടുത്തി . അദ്ദേഹം അദ്ദേഹത്തെയും പരിചയപ്പെടുത്തി . പേഴ്സ് പൈന്‍ഫോറസ്റ്റിനടുത്ത് വെച്ച് കിട്ടിയ കാര്യം അദ്ദേഹം പറഞ്ഞു . ഇതിനകത്തുള്ള പൈസ ഞാന്‍ എടുത്തുവെന്ന് ആദ്യമേ അയാള്‍ പറഞ്ഞു . ബാക്കിയുള്ളതൊക്കെ എന്റെ അഡ്രസില്‍ പോസ്റ്റ് ചെയ്യാമെന്നു അദ്ദേഹം പറഞ്ഞു . ഞാന്‍ ആയികൊട്ടെയെന്ന് പറഞ്ഞു . അതില്‍ കുറച്ചു പൈസയെ ഉണ്ടായുള്ളൂ .പക്ഷെ കഴിഞ്ഞുപോയ കുറച്ചു മണിക്കൂറില്‍ ആ പൈസയുടെ മൂല്യം നിര്‍ണ്ണയിക്കുവാന്‍ പറ്റാത്തതായിരുന്നു . അയാളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലലോ ? ഞാന്‍ വിളിച്ചില്ലെങ്കിലും അയാളത് എന്റെ അഡ്രസില്‍ പോസ്റ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചതാണ് . എന്തായാലും എ ടി എം , വോട്ടര്‍ ഐഡി , ലൈസന്‍സ് , തുടങ്ങിയതൊക്കെ തിരിച്ചു കിട്ടുമല്ലോ എന്നൊരു ആശ്വാസമായി . പക്ഷെ എന്റെ ചിന്ത അതായിരുന്നില്ല . ചെറുവത്തൂരിലെ സഹീദിച്ചയും ഇടുക്കിയിലെ ഇയാളും തമ്മില്‍ എങ്ങനെ ബന്ധമുണ്ടായി ? ഉടനെ സഹീദിച്ചാനെ വിളിച്ചു . അപ്പോഴാണ് കാര്യം പിടികിട്ടിയത് . പേഴ്സ് കിട്ടിയപ്പോള്‍ എന്റെ അഡ്രസ്സൊക്കെ അതിലുണ്ടെങ്കിലും എന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ല . പേഴ്സ് മൊത്തമായി പരിശോധിച്ചപ്പോള്‍ അയാള്‍ക്ക് ഞാന്‍ കുറെ നാള്‍ മുന്‍പ് സഹീദിച്ചാന്റെ ബേക്കറിയില്‍ നിന്നും സാധനം വാങ്ങിയ വക കിട്ടിയ സമ്മാന കൂപ്പന്റെ കൗണ്ടര്‍ പീസ് അതിലുണ്ടായിരുന്നു . അതിലുള്ള ബേക്കറിയിലെ നമ്പറിലേക്ക് ഈ ഇടുക്കിക്കാരന്‍ വിളിച്ചു . എന്റെ ഐഡി കാര്‍ഡ് ഫോട്ടോ അയച്ചു കൊടുത്ത് എന്നെ അറിയുമോ എന്ന് അന്വേഷിച്ചു . അറിയാമെന്ന് പറഞ്ഞപ്പോള്‍ പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ടെന്നും അത് എന്നെ അറിയിക്കണമെന്നും പറഞ്ഞു .അതിന്റെ അടിസ്ഥാനത്തിലാണ് സഹീദിച്ച എന്നെ വിളിച്ചത് . എന്തായാലും ആ കൂപ്പണില്‍ ഒരു സമ്മാനവും കിട്ടിയില്ലെങ്കിലും എന്റെ പേഴ്സ് കിട്ടാന്‍ അത് കാരണമായി . ഇന്ന് ബുധനാഴ്ച്ച (13:09:2017) എന്റെ പേഴ്സ് എനിക്ക് പോസ്റ്റ് വഴി കിട്ടി . എന്തായാലും ആ സുഹൃത്തിനോട് നന്ദിയുണ്ട് . ഉള്ളത് ഉള്ളത് പോലെ പറഞ്ഞു എനിക്ക് പേഴ്സ് അയച്ചു തന്നുവല്ലോ . ഈ കാലത്ത് ഇതൊക്കെ അപ്പൂര്‍വ്വം നടക്കുന്ന കാര്യമാണ്.”