വാട്സ് ആപ്പ് ഇനി നിങ്ങളുടെ ഫോണ്‍ സ്‌റ്റോറേജ് വിഴുങ്ങില്ല

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ മുഖ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഫോണിന്‍റെ സ്‌റ്റോറേജും മെമ്മറിയും വാട്സ് ആപ്പ് വിഴുങ്ങുന്നു എന്നത്. പത്തില്‍ കൂടുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് പലരും. ഇതിലൊക്കെ വരുന്ന ഫോട്ടോസ്, വീഡിയോ, ആഡിയോ, വോയിസ് നോട്ട്സ്, ഡോക്ക്യുമെന്‍റ്സ് എന്നിവയെല്ലാം സ്‌റ്റോറേജും മെമ്മറിയും കൈയ്യടക്കുന്ന സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്‌റ്റോറേജ് പ്രശ്‌നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. നിലവില്‍ ഐഓഎസ് പതിപ്പില്‍ മാത്രമാണ്ഈ ഫീച്ചര്‍ ലഭ്യം എങ്കിലും ഉടന്‍ തന്നെ എല്ലാ ഫോണുകളിലും ലഭിക്കുന്ന തരത്തില്‍ നമുക്ക് ലഭ്യമാകും എന്ന് കമ്പനി പറയുന്നു. ഇനിമുതല്‍ വാട്‌സ്ആപ്പിലുള്ള വിവിധ ചാറ്റുകള്‍ എത്രത്തോളം സ്‌റ്റോറേജ് കയ്യടക്കുന്നുണ്ടെന്ന് ഇത് വഴി നമുക്ക് അറിയാന്‍ സാധിക്കും.

ചാറ്റില്‍ വരുന്ന വീഡിയോയും ഓഡിയോയും ചിത്രങ്ങളുമെല്ലാം സ്‌റ്റോറേജ് നഷ്ടത്തിന് കാരണമാകാറുണ്ട്. ഇവയില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കി സ്‌റ്റോറേജ് സംരക്ഷിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്‌സ്ആപ്പില്‍ സെറ്റിങ്‌സ് > ഡാറ്റാ ആന്റ് സ്റ്റോറേജ് > സ്റ്റോറേജ് യൂസേജ് എന്നത് തിരഞ്ഞെടുത്താല്‍ മതി. അപ്പോള്‍ നിങ്ങളുടെ ചാറ്റുകളും അവ ഉപയോഗിച്ചിരിക്കുന്ന സ്‌റ്റോറേജ് എത്രയാണെന്നും കാണാം. അതില്‍ ഒരു ചാറ്റ് തിരഞ്ഞെടുത്താല്‍ സ്റ്റോറേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിലൂടെ ടെക്‌സ്റ്റ് മെസേജുകള്‍, ലൊക്കേഷന്‍, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് ഫയലുകള്‍, വീഡിയോ തുടങ്ങി വ്യത്യസ്ത വിഭാഗത്തില്‍ പെട്ട സന്ദേശങ്ങള്‍ കയ്യടക്കുന്ന സ്റ്റോറേജ് വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതില്‍ ആവശ്യമില്ലാത്തവ നിങ്ങള്‍ക്ക് ഒഴിവാക്കാം.