മുന്നോക്കക്കാരെ പിന്തള്ളി പിന്നോക്കക്കാര്‍ മെറിറ്റ് ലിസ്റ്റില്‍; ദളിത് ശാന്തി നിയമനം സത്യാവസ്ഥ ഇതാണ്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേയ്ക്കുള്ള ശാന്തി നിയമനത്തില്‍ ബ്രാഹ്മണസമുദായം പിന്തള്ളപ്പെട്ടത് എഴുത്തുപരീക്ഷയില്‍. പരീക്ഷയില്‍ 50% മാര്‍ക്ക് ലഭിച്ചവരെ മാത്രം അഭിമുഖപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നുള്ള റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനത്തോടെ ബ്രാഹ്മണര്‍ ഉള്‍പ്പെടെ മുന്നോക്കസമുദായത്തില്‍പ്പെട്ട ഭൂരിഭാഗം പേരും പട്ടികയ്ക്കു പുറത്താവുകയായിരുന്നു.

എഴുത്തുപരീക്ഷ ജയിക്കാനാവശ്യമായ അക്കാദമിക പരിജ്ഞാനക്കുറവാണ് മുന്നോക്ക സമുദായക്കാര്‍ക്കു വിനയായത്. കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളിലും സമാനരീതിയില്‍ ശാന്തി നിയമനം നടത്താനാണു റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തി തസ്തികയിലേക്കു 957 പേരാണ് അപേക്ഷിച്ചത്. 100 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് എഴുത്തുപരീക്ഷയ്ക്കുണ്ടായിരുന്നത്. 50 മാര്‍ക്കെങ്കിലും ലഭിച്ചവരെയാണ് അഭിമുഖപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ മുന്നോക്ക സമുദായത്തിലുള്ള അപേക്ഷകരില്‍ ഭൂരിഭാഗവും പുറംതള്ളപ്പെട്ടു.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാനക്ഷേത്രങ്ങളിലെ തന്ത്രിമാരെയാണ് അഭിമുഖ പരീക്ഷയ്ക്കുള്ള പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അവരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം നല്‍കിയവരെല്ലാം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. 441 പേരാണ് അഭിമുഖപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ബ്രാഹ്മണസമുദായക്കാര്‍ പൊതുവേ രക്ഷിതാക്കളില്‍ നിന്നാണു പൂജയും മന്ത്രവും പഠിക്കാറുള്ളത്.

കോഴ്‌സിന്റെ ഭാഗമായി ഏതെങ്കിലും തന്ത്രവിദ്യാസ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ഇവര്‍ െവെമനസ്യം കാട്ടുന്നതായി തന്ത്രിമാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റു സമുദായക്കാര്‍ യഥാവിധി പൂജയും മന്ത്രവും പഠിക്കാന്‍ താല്‍പര്യം കാട്ടുന്നു. ഇങ്ങനെ അക്കാഡമിക് കോഴ്‌സ് പഠിച്ചുവരുന്നവര്‍ എഴുത്തുപരീക്ഷയില്‍ മികച്ച വിജയം നേടുന്നതു സ്വാഭാവികമാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍നായര്‍ പറഞ്ഞു. മുന്നോക്ക സമുദായങ്ങളെ മനഃപൂര്‍വം ഒഴിവാക്കിയതല്ല. അഭിമുഖ പാനലിലുണ്ടായിരുന്ന പ്രമുഖ തന്ത്രിമാര്‍ക്കുതന്നെ ഇക്കാര്യം ബോധ്യപ്പെട്ടതാണ്. പിന്നാക്കസമുദായത്തിലുള്ളവര്‍ സംവരണാനുകൂല്യം ഇല്ലാതെതന്നെ മെറിറ്റില്‍ നിയമനം നേടിയതും ഇതുകൊണ്ടാണ്.