കാറ് വാങ്ങി നികുതി തട്ടിപ്പ് ; നികുതി അടക്കാന്‍ തയ്യാറല്ല ; കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് അമലാ പോള്‍

ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു കേരള സര്‍ക്കാരിനെ നികുതി വെട്ടിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് നടി അമലാ പോള്‍. കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സിനിമാഭിനയവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍ കാര്‍ ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ് അമല നല്‍കുന്ന വിശദീകരണം. തന്റെ അഭിഭാഷകന്‍ മുഖേനെയാണ് മോട്ടോര്‍ വാഹന വകുപ്പിന് അമല മറുപടി നല്‍കിയിരിക്കുന്നത്. നേരത്തെയും നികുതി അടയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് അമല കൈക്കൊണ്ടിരുന്നത്. നേരത്തെ നികുതി വെട്ടിച്ച കേസില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും താരത്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ തോണിയില്‍ യാത്ര ചെയ്ത് താരം വാര്‍ത്തകളെ പരിഹസിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തു.

കേരളത്തിലെ പണത്തിനുള്ള മൂല്യം തന്നെയാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുള്ളതെന്നും അമല പറഞ്ഞു. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്. അന്യഭാഷാ സിനിമയില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണോ എന്നും അമല പരിഹസിക്കുകയുണ്ടായി. പോണ്ടിച്ചേരിയിലെ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നോട്ടീസിന് അമല നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ നികുതി വെട്ടിപ്പിന് മേല്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് കണ്ടെത്തിയത് മാതൃഭൂമി ന്യൂസ് ആണ്.ഇത് വഴി നികുതി ഇനത്തില്‍ സര്‍ക്കാരിന് 20 ലക്ഷം രൂപയാണ് നഷ്ടമായത്. കേരളത്തില്‍ നിന്നുള്ള ആയിരത്തിലധികം ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് വിവരം.

കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള 1178 ആഢംബര കാറുകള്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. ഇത് വഴി നികുതി ഇനത്തില്‍ കേരള സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത് കോടികളാണ്.ഈ കാറുകളില്‍ ഭൂരിഭാഗവും വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമലയെ കൂടാതെ എം പിയും നടനുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവരും ഇത്തരത്തില്‍ കുടുങ്ങിയിരുന്നു.എന്നാല്‍ നികുതി അടക്കുവാന്‍ തയ്യാറാണ് എന്നാണു ഫഹദ് അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ സുരേഷ് ഗോപി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.