വ്യാജരേഖ ചമച്ചു ഭൂമി തട്ടിയെടുത്ത ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി
തൊടുപുഴ: കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ദേവികുളം സബ്കലക്ടറാണ് നടപടിയെടുത്തത്. ജോയ്‌സ് ജോര്‍ജ് അടക്കമുള്ള ആറ് കുടുംബാംഗങ്ങളുടെ ഭൂമിയാണു തിരിച്ചുപിടിച്ചത്.
ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം കൊണ്ട് എട്ട് പട്ടയങ്ങളാണു നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കിയത്. പട്ടികജാതിക്കാര്‍ക്കു വിതരണം ചെയ്ത ഭൂമിയാണ് വ്യാജ രേഖയിലൂടെ അനധികൃതമായി കൈവശം വച്ചിരുന്നത്. കാണാതായ രേഖകള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്സ് ജോര്‍ജ് 2013ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ്, തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിത്.
വ്യാജ രേഖകളിലൂടെയാണു ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.
ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാകണമെന്ന് അവശ്യപ്പെട്ട് എം.പിക്കും ബന്ധുക്കള്‍ക്കും സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ബ്ലോക്ക് നമ്പര്‍ 52-ല്‍ 120-ാം തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയിസ് ജോര്‍ജും 111-ാം നമ്പര്‍ തണ്ടപ്പേര്‍ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസ്.
തുടര്‍ന്ന് ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പില്‍ രേഖകള്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയും ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കുകയും ചെയ്തത്.








