മല്യയെയും ലളിത് മോദിയെയും എന്ത് കൊണ്ട് തിരിച്ചുകൊണ്ടുവരുന്നില്ല ; കേന്ദ്രത്തിനോട് രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി : നാട് വിട്ടുപോയി വിദേശത്ത് സുഖവാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദ്യാരാജാവ് വിജയ് മല്ല്യയെയും, ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്തുകൊണ്ടാണ് ഈ മനോഭാവമെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളെ പോലും നിങ്ങള്‍ മാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

ആരോ ഈ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേ മതിയാകൂ. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്- കേന്ദ്രത്തിനും വിദേശകാര്യമന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോട് കോടതി ആരാഞ്ഞു. വിജയ് മല്യയെയും ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.