ഉടുമല്‍പേട്ട ദുരഭിമാനക്കൊല: യുവതിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ
തിരുപ്പൂര്‍:ഉടുമല്‍പേട്ട ദുരഭിമാനക്കൊലയില്‍ പ്രതികളായ ആറുപേര്‍ക്കു വധശിക്ഷ.കോല ചെയ്യപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13 -നാണു ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുതുകയായിരുന്നു. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.
തേവര്‍ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തിനു പിന്നിലെ കാരണം. കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍തന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടര്‍ന്നു ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചു. ഇത് കൗസല്യയുടെ വീട്ടുകാറേ പ്രകോപിതരാക്കി. തുടര്‍ന്ന് ഉണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.
കുമരലിംഗത്തില്‍ നിന്നു പതിനൊന്നു മണിയോടെ ഉടുമല്‍പേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയില്‍ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പഴനി – പൊള്ളാച്ചി പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.
ഇവരെ പിന്‍തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമന്‍ ബൈക്കില്‍ നിന്നു വടിവാള്‍ എടുത്തു നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടര്‍ന്നു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.









