ഓഖി ദുരിത ബാധിതര്‍ക്ക് കൈത്താങ്ങ് ; തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥ ബഡ്ജറ്റ് അവതരണമാരംഭിച്ചു.ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ആവശ്യമായ സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും.കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ വകയിരുത്തും.കൂടാതെ തീരദേശ മേഖലയിലെ ഗതാഗത സംവിധാനം മികവുറ്റതാക്കുന്നതിനു റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നല്‍കും. കക്ക സഹകരണ സംഘത്തിന് മൂന്ന് കോടി അധികമായി അനുവദിക്കും.

തീരദേശത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കും തുക നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. തീരദേശ ആശുപത്രികളുടെ വികസനം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി, തീരദേശ സ്‌കൂള്‍ നവീകരണ പാക്കേജ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശ മേഖലയുടെ ഹരിതവത്കരണത്തിനായി 150 കോടിയും നീക്കിവെക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.