ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം; നിയമസഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധവുമായി എത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭാ നടപടികള്‍ തടസ്സപ്പെട്ടു. സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി.

സ്പീക്കറുടെ മുഖം മറച്ച് ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിന് അദ്ദേഹം അംഗങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി. കടുത്ത ഭാഷയില്‍ പലവട്ടം പ്രതികരിക്കുകയും ചെയ്തു. പത്തുമിനിട്ടിനകം ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. സഭ പുനരാരംഭിച്ചാലും സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.

ഇന്നലെയും സഭ ആരംഭിച്ച് പത്തു മിനിട്ടകം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

മണ്ണാര്‍ക്കാടും അട്ടപ്പാടിയും നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.