മഴയത്ത് റോഡ് തകര്‍ന്നു ; അട്ടപ്പാടിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി
അട്ടപ്പാടി ആദിവാസി കോളനിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടി ചുമന്ന്. എടവാണി കുംബ ഊരിലെ തണലിയുടെ ഭാര്യ മണിയെ ആശുപത്രിയിലെത്തിക്കാനാണ് ഊരുവാസികള്‍ക്ക് പകുതി വഴിയോളം ചുമലില്‍ കെട്ടി ചുമക്കേണ്ടി വന്നത്. കമ്പില്‍ തുണി കെട്ടി അതില്‍ കിടത്തി ചുമലില്‍ തൂക്കിയാണ് ഊരുനിവാസികള്‍ യുവതിയെ അരളിക്കോണത്ത് എത്തിച്ചത്. അവിടെ നിന്നും കോട്ടത്തറ ട്രെബല്‍ സെപ്ഷ്യാലിറ്റി ആസ്പത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പറയപ്പെടുന്നു. എടവാണിയിലെ ഊരുനിവാസികള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിക്കുന്ന ഏകമാര്‍ഗം മഴയെതുടര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. അതിനാല്‍ വാഹനമെത്തുന്ന അരുളിക്കോണം വരെ യുവതിയെ ചുമന്നു കൊണ്ടു പോകേണ്ടി വരികയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച് പത്തുമിനിറ്റിനുള്ളില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആംബുലന്‍സ് കേടായിരിക്കുന്നതിനാലാണ് സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന മറുപടി. മുപ്പത്തിയെട്ട് കുടുംബങ്ങളിലായി മുന്നൂറോളം ആളുകളാണ് ഊരില്‍ താമസിക്കുന്നത്. തൊഴിലുറപ്പിന് പോയി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഊരുനിവാസികളും. റോഡ് കവിഞ്ഞൊഴുകുന്ന പുഴ നാല് തവണ മുറിച്ചു കടന്നുവേണം ഇവര്‍ക്ക് പുറത്തെത്താന്‍. അതിനാല്‍ തന്നെ മഴക്കാലമായാല്‍ ഊരുനിവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകയും അവര്‍ ഒറ്റപ്പെടുകയും ചെയ്യും. മഴക്കാല രോഗങ്ങളും അടിയന്തിര ചികിത്സയും ഇവര്‍ക്ക് കിട്ടാക്കനിയാണ്. സ്വര്‍ണ്ണഗദ്ദ മുതല്‍ എടവാണി വരെയുള്ള റോഡിനായി ഒമ്പതേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തിയിരുത്തിയെങ്കിലും അത് കടലാസില്‍ മാത്രമൊതുങ്ങിയ സ്ഥിതിയാണ്.







