ജി എന്‍ പി സി അഡ്മിന് എതിരെ എക്സ്സൈസ് കേസെടുത്തു ; അഡ്മിനും ഭാര്യയും ഒളിവില്‍
മദ്യപാനത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ജി എന്‍ പി സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് എതിരെ എക്സ്സൈസ് കേസെടുത്തു. ഇതിനെ തുടര്‍ന്ന്‍ അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ ഒളിവില്‍ പോയി. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്. 18ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. ജി എന്‍ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. അതുപോലെ കുടുംബത്തിനോട് ഒപ്പമിരുന്നു മദ്യപിക്കുന്ന ചിത്രങ്ങളും വീഡിയോകളും വരെ പലരും ഇതിലൂടെ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റുകള്‍ക്ക് അപ്രൂവല്‍ നല്‍കുന്ന സംവിധാനം ഉണ്ടായിരുന്നു എങ്കിലും. അഡ്മിന് വേണ്ടപ്പെട്ടവരുടെയും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കും മാത്രമേ അപ്രൂവല്‍ ലഭിച്ചിരുന്നുള്ളൂ. മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങള്‍ കാട്ടി ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്‍ മുക്കുകയായിരുന്നു പതിവ്. കൂടാതെ ഇവയ്ക്ക് എതിരെ സംസരിച്ചവരുടെ പ്രൊഫൈലില്‍ പൊങ്കാല ഇടുന്ന പതിവും അംഗങ്ങള്‍ക്കും ചില അഡ്മിന്‍മാര്‍ക്കും ഉണ്ടായിരുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കുകയും ഇതിനു പിന്നാലെ ബോധോദയം വന്ന അഡ്മിന്‍ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ലെന്ന് അഡ്മിന്റേതായി കുറിപ്പും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എങ്കിലും എക്സൈസ് തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.






