കിട്ടാക്കടം ഒളിപ്പിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

സാധാരണക്കാരുടെ കയ്യില്‍ നിന്നും പിഴ ഇനത്തില്‍ കോടികള്‍ ഒപ്പിക്കുന്ന ബാങ്കുകള്‍ കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളാണ് ഇതില്‍ ഒന്നാമന്‍.

പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 4,00,584 കോടി രൂപയാണ് ഇപ്രകാരം എഴുതിത്തള്ളിയത്. അതേസമയം സ്വകാര്യ മേഖലയിലെ ബാങ്കുകളാകട്ടെ 79,490 കോടി മാത്രമാണ് എഴുതി തള്ളിയത്. കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാലാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്തത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍മത്രം ബാങ്കുകള്‍ 1.44 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ഇതില്‍ സ്വാകര്യ ബാങ്കുകളുടെ വിഹിതം 23,928 കോടി രൂപയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2017-18 സാമ്പത്തിക വര്‍ഷം അവസാനം 9.61 ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടം. ഇതില്‍ 7.03 ലക്ഷം കോടി രൂപ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പയാണ്. കാര്‍ഷികവും മറ്റ് അനുബന്ധമേഖലകള്‍ക്കുമായി അനുവദിച്ചതാണ് ബാക്കി 85,344 കോടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വായ്പ തുക എഴുതിത്തള്ളിയത് എസ്ബിഐ ആണ്. 40,281 കോടി രൂപ. ആക്‌സിസ് ബാങ്ക് 11,688 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10,307 കോടിയും ഐസിഐസിഐ ബാങ്ക് 9,110 കോടി രൂപയും എഴുതിത്തള്ളി.