വിവാദങ്ങളുടെ പിറകെ പരക്കം പായുന്ന മലയാളികളും, അന്യന്റെ കാര്യങ്ങളിലെ നിത്യനിദാന്തജാഗ്രതയും
ആന്റണി പുത്തന്‍പുരയ്ക്കല്‍
ഒരു ശരാശരി മലയാളി അവന്റെ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് വിവാദങ്ങളുടെ പിന്നാലെയാണെന്ന് വേണം അനുമാനിക്കാന്‍. രാഷ്ട്രീയക്കാര്‍, ക്രൈസ്തവ-മുസ്ലിം പുരോഹിതര്‍, ഹൈന്ദവ സന്യാസിമാര്‍, അഭിനേതാക്കള്‍, ഹനാമാര്‍, ആള്‍ദൈവങ്ങള്‍ എന്നിങ്ങനെ സകലരുടെയും സാമൂഹ്യ, സാമ്പത്തിക, ധാര്‍മ്മിക, തകര്‍ച്ചയെക്കുറിച്ച്, അവരുടെ പ്രവൃത്തികളുടെ സദുദ്ദേശങ്ങളെക്കുറിച്ചു മലയാളികള്‍ നിരന്തരം ദുഃഖിതരും, ഉള്‍ക്കണ്ടാകുലരുമാണ്.
ഈ പറഞ്ഞവരുടെയൊക്കെ എല്ലാ ചെയ്തികളെയും തീരുമാനങ്ങളെയും നിത്യേന നാം നിശിതമായി വിമര്‍ശന വിധേയമാക്കുന്നു. ഇവരുടെ ധാര്‍മ്മികത ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ നാം നമ്മുടെ ധാര്‍മ്മികത – വ്യക്തിപരവും സംഘാതവും – കാണുന്നില്ല, അല്ലെങ്കില്‍ നശിപ്പിക്കുകയാണ് എന്നും അനുമാനിക്കാം. നമ്മുടെ അയല്‍ക്കാര്‍ ഇന്നു നമുക്ക് ഒരു ധാര്‍മ്മിക ബാദ്ധ്യതയും ഭാരവും ദുഃഖവുമായി മാറിയില്ലേ? എന്തിനാണ് നമ്മള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഈ നിത്യനിദാന്തജാഗ്രത പുലര്‍ത്തുന്നത്?
പരമ്പരാഗത ദൃശ്യമാദ്ധ്യമങ്ങളിലൂടെയും അവര്‍ നയിക്കുന്ന അന്തിചര്‍ച്ചകളിലൂടെയും അനുസ്യൂതം ആക്രമണങ്ങള്‍ തുടരുമ്പോഴും ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ മലയാളിയെ തേടി എത്തുന്നു. അവസാനിക്കാത്ത വിവാദങ്ങള്‍, നിലയ്ക്കത്ത ആക്രമണങ്ങള്‍, അധിക്ഷേപങ്ങള്‍. സമൂഹത്തോടുളള പ്രതിബദ്ധതയും ധര്‍മ്മവും പാടെ മറന്ന് പരമ്പരാഗത മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ നിരന്തരം അന്വേഷിക്കുന്നത് തങ്ങളുടെ അടുത്ത ഇര ആരാണ്? ആരെ കുടുക്കിയാലാണ് തങ്ങളുട റ്റി.ആര്‍.പി റേറ്റിംഗ് പിടിച്ചു ഉയര്‍ത്താന്‍ കഴിയുന്നത് എന്ന തിരക്കിലാണ്.
നമുക്കു ചുറ്റും നടക്കുന്ന എല്ലാ അനിശ്ചിതത്വങ്ങളുടെയും, അരാജകത്വങ്ങളുടെയും വിഭ്രാന്തികളുടെയും മൂലഹേതു എന്താണ്, അഥവ ആരാണ്? സമാധാനം പുന:സ്ഥാപിക്കാന്‍ യുദ്ധങ്ങള്‍, കലാപങ്ങള്‍, സംഘട്ടനങ്ങള്‍, സത്യത്തിന്റെ പേരില്‍ നിലയ്ക്കാത്ത അസത്യപ്രചരണം, ധാര്‍മ്മികതയുടെ പേരില്‍ ലൈംഗിക ചൂഷണവും അടിമത്വവും, സേ്നഹത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും, നീതിയ്ക്കു വേണ്ടി നിരന്തരം അനീതി ഇതെല്ലാമല്ലേ നാം ദൈനംദിന ജീവിതത്തില്‍ അംഗീകരിച്ച് ആദരിക്കുന്ന നമ്മുടെ മാനസിക വൈകാരിക നില. അതേസമയം ഈ നില നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ചതിന് രാഷ്ട്രീയ, മത, മാധ്യമ ത്രിമൂര്‍ത്തികളുടെ പങ്കും വളരെ ഉയരത്തിലാണ്.
എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അനുദിനം നടക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും കാരണം നാം ഓരോരുത്തരുമാണ്. വസ്തുതാപരമായി ചിന്തിക്കാനോ, യാഥാര്‍ത്ഥ്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനോ നമുക്ക് ഇന്നും കഴിയുന്നില്ല. മാനസികമയി, മതപരമായി, രാഷ്ട്രീയമായി, സാംസ്‌കാരികമായി നാം ഇന്നും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മാനസിക, മസ്തിഷ്‌ക്ക ശീലാവിധേയത്വത്തിന് (conditioning) അടിമകളാണ്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാം അടിമത്വം ഇഷ്ടപ്പെടുന്നവരാണ്. രാഷ്ട്രീയത്തില്‍ നേതാവിനേയും, മത കാര്യങ്ങളില്‍ ആചാര്യന്മാര്യേയും ഗുരുക്കന്മാരേയും നാം അമിതമായി ആശ്രയിക്കുകയും അവര്‍ക്ക് അവര്‍ അര്‍ഹിക്കാത്ത അധികാരങ്ങളും ദിവ്യത്വവും കല്പിച്ചു ആള്‌ദൈവങ്ങളാക്കി നമ്മള്‍ മാറ്റും. എന്നിട്ടു അവര്‍ നമ്മേക്കാള്‍ കൂടുതല്‍ സത്യസന്ധരും ഉന്നത നീതിബോധമുള്ളവരും, ആത്മീയരും, അത്യുദാത്ത ധാര്‍മ്മിക നിലവാരം ഉളളവരും ആയിരിക്കണമെന്ന് നാം പ്രതീക്ഷിക്കും.
നൂറ്റാണ്ടുകളായി സ്വതന്ത്രവും സ്വാവലംബ ചിന്താശീലങ്ങളും ഇല്ലാത്തവരായി നാം രാഷ്ട്രീയക്കാരുടെയും മതാധിപന്മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും മാധ്യമങ്ങളുടെയും അടിമകളായി ജീവിക്കുന്നു. നാം എന്തു ചിന്തിക്കണം, എന്തു സംസാരിക്കണം, എന്തു ചെയ്യണം എന്നൊക്കെ ഇവര്‍ നമ്മെ പഠിപ്പിച്ചു, ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു; തീരുമാനിക്കുന്നു. എന്നാല്‍, നാം എങ്ങനെ ചിന്തിക്കണം എന്ന് ഇവര്‍ നമ്മോട് പറയുന്നില്ല. നമ്മുടെ ആന്തരിക ശൂന്യത അകറ്റാന്‍ നാം നമ്മുടെ മസ്തിഷ്‌ക്കത്തെയും മനസ്സിനെയും മറ്റുളളവരുടെ അധിനിവേശിത മേഖലയായി അവരോധിച്ചു. നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ നമുക്ക് ഇല്ലാത്ത ഗുണവിശേഷങ്ങള്‍ – സത്യസന്ധത, ധാര്‍മ്മികത, നീതിബോധം – നേതൃസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ഉണ്ടാകണമെന്ന് നാം ശഠിക്കുന്നു.
ആത്മബോധവും ആത്മവിശ്വാസവും അവബോധവും നഷ്ടപ്പെട്ട ഒരു വര്‍ഗ്ഗമായി മലയാളികള്‍ മാറുന്നത് പല ഘട്ടത്തിലും കാണാന്‍ കഴിയും. ഓരോ വിവാദങ്ങളും മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മലയാളി പ്രഘോഷിക്കുന്ന ധാര്‍മ്മികത സകല അതിര്‍വരമ്പുകളും ഭേദിച്ച് നമ്മുടെ സമൂഹത്തെ അപമാനിക്കുന്നത് കാണാന്‍ കഴിയും. നമ്മുടെ നാട്, ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളും കന്നുകാലികളെപ്പോലെ ജീവിക്കുന്ന മനുഷ്യരുടെയും നാടായി മാറുന്ന കാഴ്ച വേദനയോടെ ചിന്തിക്കാന്‍ പറ്റൂ.
ഓരോ വ്യക്തിയും അവനവന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്. നാം ഓരോരുത്തരും, നമ്മള്‍ വിമര്‍ശിക്കുന്നവരും, സ്വാംശീകരിച്ചിരിക്കുന്ന എല്ലാ ഗുണദോഷങ്ങളുടെയും ഉറവിടം – അടിമത്വത്തിന്റെ, മതസാംസ്‌ക്കാരികതയുടെ, മാധ്യമ സ്രഷ്ടിയുടെ ദൂഷിതാംശങ്ങള്‍ – ഒന്നു തന്നെയാണ്. ഒന്ന് ഓര്‍ക്കുക, നിശിതമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒന്നിനും പരിഹാരമല്ല; ഇങ്ങനെ ചെയ്യുന്നതുവഴി നാം നമ്മുടെ തന്നെ സത്യനിഷ്ഠയെയും ധാര്‍മ്മികതയെയും ആന്തരിക സമഗ്രതയെയും നശിപ്പിക്കുന്നു. നൂറ്റാണ്ടുകളായി വിവിധ മതങ്ങള്‍ പരിശ്രമിച്ചിട്ടും സമൂഹത്തില്‍ സത്യദര്‍ശനമോ, ശാന്തിയോ, ധര്‍മ്മിക നിലവാരമോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇനി ‘മാധ്യമ ദൈവങ്ങളുടെ’ ഊഴമാണോ? സത്യം മറച്ചുവെയ്ക്കുകയും അസത്യം വിളംബരം ചെയ്യുകയും ചെയ്യുന്ന മാധ്യമ ധാര്‍ഷ്ട്യത്തിന് എന്താണ് ഈ ലോകത്തിനു സംഭാവന ചെയ്യാനുള്ളത്?
ഇരയെ പ്രതിരോധിക്കുകയും വേട്ടക്കാരെന വേട്ടയാടുകയും ചെയ്യുന്നു എന്ന ഭാവേന വേട്ടക്കാരനു നേരെ വിമര്‍ശനശരമെയ്യുന്ന നമ്മുടെ മാധ്യമങ്ങളും നാം തന്നെയും, സ്വയം, ഒരേ സമയം ഇരയും വേട്ടക്കാരനുമായി മാറുന്നു. ഇത് അപകടകരമായ ഒരു കെണിയാണ്; ആത്മവഞ്ചനയാണ്.
അഴിമതിയും അക്രമവും അനീതിയും സ്വജനപക്ഷപാതവും അത്യാഗ്രഹവും നിറഞ്ഞ നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വം നാം ഓരോരുത്തരും ചേര്‍ന്ന് സ്രഷ്ടിച്ചതല്ലേ? അധികാരവും പദവിയും നിലനിര്‍ത്തുന്ന അത്യാര്‍ത്തി നിറഞ്ഞ ഈ അധാര്‍മിക സംവിധാനത്തെയല്ലേ നാം ജനാധിപത്യമെന്നു വിളിക്കുന്നത്? സത്യദര്‍ശനമോ, സന്മനോഭാവമോ, സാമൂഹ്യപ്രതിബദ്ധതയോ ഇല്ലാത്ത രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പേറുന്ന ഇടതുപക്ഷത്തിന്റെയോ വലതു പക്ഷത്തിന്റെയോ സജീവ ഭാഗമല്ലേ നമ്മള്‍? ഇവര്‍ക്ക് വേണ്ടി സമരം ചെയ്യാനും പൊതുമുതല്‍ നശിപ്പിക്കാനും എതിരാളികളെ കൊലചെയ്യാനും മടികാണിക്കാത്ത നമ്മള്‍ പൗരബോധമില്ലാത്ത, ജനാധിപത്യവിരുദ്ധരുമല്ലേ?
യഥാര്‍ഥ പൗരബോധം സത്യത്തില്‍ അധിഷ്ടിതവും സ്വതന്ത്രവും ആയരിക്കണം. ഇടുതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ മറ്റ് ഏതെങ്കിലും പക്ഷത്തിന്റെയോ ഭാഗമായി നിന്നുകൊണ്ട് നമുക്ക് യഥാര്‍ത്ഥ സ്വതന്ത്ര്യം അനുഭവിക്കാന്‍ കഴിയില്ല. യഥാര്‍ഥ സ്വതന്ത്ര്യം നമ്മുടെ അസ്തിത്വത്തിന്റെ നൈസര്‍ഗികവും നിഷ്‌കളങ്കവും സംശുദ്ധമായ അവബോധമാകണം. ഈ അവബോധത്തിന്റെ ഒരംശം പരസ്പരം കൊടുക്കാന്‍ കഴിയുമ്പോള്‍ അന്യരുടെ കാര്യങ്ങളില്‍ ഉള്ള അനാവശ്യ ജാഗ്രതകള്‍ വിട്ടൊഴിയും.
വിവേകത്തെക്കാള്‍ വികാരത്തിനും, അവബോധത്തെക്കാള്‍ ആവേശത്തിനും, ഐക്യത്തേക്കള്‍ അനൈക്യത്തിനും, സംവാദത്തെക്കാള്‍ സംഘട്ടനത്തിനും, മത, വര്‍ഗ്ഗ, പ്രാദേശിക, ദേശീയ ഉദ്ഗ്രഥനത്തിനേക്കള്‍ വിഭാഗീയ സംഘര്‍ഷത്തിനും പ്രോത്സാഹനം നല്കുന്നത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമല്ലേ? ഭാരതത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന കേരളീയര്‍ എന്തുകൊണ്ടാണ് ഏറ്റവും കുറഞ്ഞ സംവേദന ശക്തിയും ധിക്ഷണക്ഷമതയും നഷ്ടപ്പെട്ടവരായി ജീവിക്കുന്നത്?
യുഗങ്ങളിലൂടെ ജീവിച്ചു മരിച്ച മനുഷ്യരുടെ മനസ്സിനെ മദിച്ച ഭയാശങ്കകളില്‍ നിന്നും സ്വരൂപിച്ച് മസ്തിഷ്‌ക്കത്തില്‍ സ്വരുക്കൂട്ടിവെച്ച നിയതവിശ്വങ്ങളുടെയും അര്‍ഥരഹിതമായ ആചാരനുഷ്ഠാനങ്ങളുടെയും ആകെത്തുകയായി മതം മാറിയപ്പോള്‍, വെറും മനോസ്യഷ്ടമായ വിശ്വാസസംഹിതകളെ അനുധാവനം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ്മ മാത്രമായി വിശാസികള്‍. ഒരാള്‍ മറ്റൊരാളുടെ മതത്തെയോ, ഈശ്വരനെയോ കുറിച്ച് എതിരഭിപ്രായം പറഞ്ഞാല്‍, ആക്ഷേപിച്ചാല്‍ നാം വളരെയധികം വികാരഭരിതും അക്രമാസ്‌ക്തരും ആയി മാറി. ഈ സന്ദര്‍ഭങ്ങളില്‍ ഒരാള്‍ മറ്റൊരാളുടെ ‘മതവികാരത്തെ വ്രണപ്പെടുത്തി’ എന്നേല്ല നാം പറയുന്നത്? കാരണം മതം വെറും വികാരമായി മാറി. വികാരം മനസ്സില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതുമാണല്ലോ. വികാരധീനമായ മതാവലംബികള്‍ പരസ്പരം കടിച്ചു കീറി അസഹിഷ്ണുവായ സഹജീവിയായി അധപതിച്ചു കഴിഞ്ഞു.
മനുഷ്യന് ഒരിക്കലും മതി വരാത്ത വികാരം മതവൈര്യം മനുഷ്യമനസ്സില്‍ സ്യഷ്ടിക്കുന്ന വെറുപ്പാണ്. എന്നാല്‍, മതങ്ങള്‍ വിഭാവനം ചെയ്യുന്നത് എന്താണ്? സകല ഭയങ്ങളും ദുഃഖങ്ങളും സംഘര്‍ഷങ്ങളും വൈര്യവും ക്രോധവും ഹിംസയും ഇല്ലാത്ത ഒരു മാനസികാവസ്ഥയും നിലയ്ക്കത്ത ആനന്ദവുമല്ലേ? ഇനിയും നമ്മല്‍ മതങ്ങള്‍ സൃഷ്ടിക്കുന്ന വിഭാഗീയചേരിത്തിരിവുകളുടെ സത്യം മനസിലാക്കേണ്ടതുണ്ട്. മതങ്ങള്‍ തൊടുത്തുവിടുന്ന വിവാദങ്ങളില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ട്.
മതാധിഷ്ഠിതമല്ലാത്ത, വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും അതീതമായ ഒരു മാനവികത, മൈത്രിഭാവം നമുക്കുണ്ടാകണമെങ്കില്‍ നാം നമ്മുടെ വ്യക്തിഗതജീവിത്തില്‍ ഒന്നാമതായി അനുദിനം രാഷ്ട്രീയ, മത, മാധ്യമങ്ങളെ, പ്രത്യേകിച്ച് പരമ്പരാഗത മാധ്യമങ്ങളെ അവിശ്വസിക്കാനും അകറ്റി നിര്‍ത്താനും പരിശീലിക്കണം. പരമ്പരാഗത മാധ്യമങ്ങള്‍ ഇന്ന് സര്‍വ്വാധിപതികളായി മാറിക്കഴിഞ്ഞു. മാധ്യമങ്ങള്‍ ഇന്ന് ഇവിടെ സൃഷ്ടി, സ്ഥിതി, സംഹാരം നടത്തുന്നവരാണ്. മാധ്യമധര്‍മ്മമെന്ന വ്യാജേന ചിലരെ തെരഞ്ഞുപിടിച്ച് അപരാധികളായി മുദ്രകുത്തി, അന്തിചര്‍ച്ചകളിലൂടെ വിചാരണ നടത്തി, ശിക്ഷ വിധിക്കുന്ന അഭിനവ നീതിന്യായ കോടതികളായി മാറിയിരിക്കുന്നു ഇന്ന് മലയാള മാധ്യമ സ്റ്റുഡിയോകള്‍. സമൂഹത്തില്‍ സത്യവും ധര്‍മ്മവും നീതിയും പുന:സ്ഥാപിക്കലാണ് ഇവരുടെ ലക്ഷ്യമെങ്കില്‍ സ്വന്തം പരസ്യക്കാരുടെയും സ്വസമുദായത്തിന്റെയും കുറ്റകൃത്യങ്ങള്‍ ഇവര്‍ എന്തുകൊണ്ട് മറച്ചു വെയ്ക്കുന്നു?
നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ അന്തിചര്‍ച്ചകള്‍ നയിക്കുന്ന മാധ്യമവിചാരണക്കാര്‍ മാധ്യമ യജമാനന്മാരുടെ പരിശീലനം ലഭിച്ച ക്രുദ്ധരായ വെറും വേട്ടനായ്ക്കള്‍ മാത്രമല്ലേ? മറ്റുള്ളവരെ നിങ്ങള്‍ പിച്ചിചിന്തുമ്പോഴും നിങ്ങളും ഈ സമൂഹത്തിലെ അസന്മാര്‍ഗ്ഗിതയുടെയും അളവറ്റ അസമത്വങ്ങളുടെയും അനീതിയുടെയും ഭാഗവും ഉല്പന്നവും, വ്യക്തിജീവിതത്തില്‍ അനീതി ചെയ്യുന്നവരും പരിച്ഛിന്നിതരും അസന്തുഷ്ടരും സംഭ്രാന്തരുമല്ലേ എന്നൊരാള്‍ ചിന്തിച്ചാല്‍ എങ്ങനെ നമുക്ക് അയാളെ ഒറ്റപ്പെടുത്താന്‍ കഴിയും?
മനുഷ്യജീവിതം ബന്ധങ്ങളുടെ നീണ്ട ഒരു പ്രക്രിയയാണ്. നമ്മുടെ ചിന്തകള്‍, അതിന്റെ സ്വഭാവം, ഉള്ളടക്കം എന്നിവയെല്ലാം നമ്മുടെയും, സമൂഹത്തിന്റെയും, മാനവരാശിയുടെയും തന്നെ സുസ്സ്ഥിക്കും നിലനില്പിനും അനിവാര്യമാണ്. മനുഷ്യര്‍ ബന്ധപ്പെടുന്നത് കൂടുതലും മനോരൂപങ്ങളിലൂടെയാണ്. അതിനാല്‍ മനുഷ്യബന്ധങ്ങില്‍ എപ്പോഴും വിളളലുകല്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാകും. സമൂഹത്തിന്റെ ശാന്തിയും സമഗ്രതയും വ്യക്തിബന്ധങ്ങളുടെ ശരിയായ ധാരണയിലും ബുദ്ധിപൂര്‍വ്വമായ വിവേചനത്തിലും അധിഷ്ടിതമാണ്.
ആന്തരികമോ ബാഹ്യമോ ആയ സമ്മര്‍ദ്ദങ്ങളോ, പ്രേരണകളോ, തെറ്റായ വിവരങ്ങളോ, വാര്‍ത്തകളോ വ്യക്തിബന്ധങ്ങളെയും സാമൂഹ്യ കൂട്ടായ്മയേയും സംഘര്‍ഷഭരിതമാക്കും. അനുദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിദ്വേഷം, തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍, സാങ്കല്പിക വിഭഗീയത എന്നിവയെല്ലാം വ്യക്തികളുടെയും സമൂഹത്തിന്റെയും മാനസിക ഘടനയില്‍ സത്താപരമായ മാറ്റങ്ങള്‍ വരുത്തുകയും ചിന്തയിലും വികാര വിചാരങ്ങളിലും മാധ്യമങ്ങളോടുളള ആശ്രിതത്വം ശഠ്യാസക്തിയായി മാറുകകയും ചെയ്യും. തലമുറകള്‍ ഇത്തരത്തിലുളള മാധ്യമ ജല്പനങ്ങള്‍ – മുന്‍വധികള്‍, അനുമാനങ്ങള്‍ – ഗൗരവമായി എടുത്ത് സ്വഭാവേനയുളള ചിന്താശീലമാക്കും. എത്ര അപകടകരമായ പ്രവണതയാണിത്.
സാമൂഹ്യമാധ്യമങ്ങള്‍ എന്നും സംഘട്ടനങ്ങളും ധ്രുവീകരണവും ആശങ്കകളും സമൂഹത്തില്‍ സൃഷ്ടിക്കാനെ ശ്രമിക്കു. ഇടുക്കി അണക്കെട്ടില്‍ ഉള്ളതിനേക്കാള്‍ വെള്ളം ചേര്‍ത്താണ് ആ അണക്കെട്ട് തുറന്ന് വിടുന്നതിനേക്കുറിച്ചുളള വാര്‍ത്ത പോലും പല മാധ്യമങ്ങളും നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചത്. അധികമായ വെള്ളം ഉണ്ടാക്കുന്ന നഷ്ടങ്ങളെക്കാള്‍ ഉപരി ആ വാര്‍ത്ത ഉണ്ടാക്കുന്ന ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്.
മാധ്യമങ്ങളെ അവിശ്വസിക്കുക എന്നത് ഒരു കലയാണ്; ഇന്നിന്റെ അനിവാര്യതയും. ശീലാവിധേയമായ നമ്മുടെ പ്രതികരണത്തിനു മുന്‍പ് സ്വയം ആരായുക; അറിഞ്ഞത്, കേട്ടതില്‍ സത്യമുണ്ടോ എന്ന്? അതിനൊക്കെ ആര്ക്കാണ് സമയം. ശരാശരി മലയാളി ഉണരുന്നതും ഉണ്ണുന്നതും ജീവിച്ചിരിക്കുന്നതുപോലും മറ്റുളളവരുടെ വീഴ്ചകളെ ആഘോഷമാക്കാനാണ്. നമ്മള്‍ ഭാഗ്യം ചെയ്തവരാണ്; എന്നും ആഘോഷിക്കാനുളള വക നമ്മുടെ മാധ്യമങ്ങള്‍ നമുക്കു തരും.