കുളിമുറിയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
തിരുപ്പതിയില്‍ ആണ് ദുരന്തം ഉണ്ടായത്. വീട്ടിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിചാണ് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് . തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്‍, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കുളിമുറിയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായ സമയം കുളിമുറിയിലെ ബള്‍ബുകള്‍ ഓണായിരുന്നത് വന്‍ പൊട്ടിത്തെറിക്ക് കാരണമായി. വീട്ടുകാര്‍ ഉറക്കമായിരുന്ന സമയമാണ് ദുരന്തം ഉണ്ടായത്. അതുകൊണ്ടുതന്നെ തീ പിടിച്ച വിവരം അവര്‍ അറിയുന്നതിനും വൈകി.
ഉഗ്രസ്‌ഫോടനശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിച്ചു. പിന്നീട് അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. അപ്പോഴേയ്ക്കും നാലുപേരും മരണത്തിനു കീഴടങ്ങിയിരുന്നു.







