ആലുവ കൂട്ടക്കൊല : മുഖ്യ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കേരളം ഞെട്ടിയ ആലുവാ കൊലക്കേസില്‍ മുഖ്യപ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കോടതി. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷയില്‍ ഇളവുനല്‍കി വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ പുന:പരിശോധന ഹര്‍ജിയിലാണ് ശിക്ഷ ഇളവുചെയ്തത്. 2001 ജനുവരി ആറിന് ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചിരുന്നത്.

ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി.

ഇതിനിടെയാണ് വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വാദം തുടര്‍ന്ന കേസില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് ശിക്ഷ ലഘൂകരിച്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.

2001 ജനവരി ആറിനാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി (48) മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്ന സഹായം ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

 

ആലുവ കൂട്ടക്കൊല :

സംഭവ ദിവസം രാത്രി ഒന്‍പത് മണിയോടെ ആന്റണി, അഗസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ അഗസ്റ്റ്യനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള തിേയറ്ററില്‍ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയി. ഇവര്‍ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു.

ഇല്ലെന്നറിയിച്ചപ്പോള്‍ തര്‍ക്കമായി. ഇതിനിടയില്‍ ആന്റണി വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവിനെയും കൊലപ്പെടുത്തി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ അഗസ്റ്റ്യനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ ഇവരെയും ഓരോരുത്തരെയായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി ഫിബ്രവരി 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്.