എസ്ബിഐ ഓഫീസിലെ ആക്രമണം ; ഉപകരണങ്ങൾ നശിപ്പിച്ചത് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരണം. രജിസ്ട്രേഷൻ – ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സെക്രട്ടേറിയറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബഞ്ച് പ്രവര്‍ത്തിക്കുന്നത്.
മാനേജറുടെ കാബിനില്‍ കയറി മേശയും കമ്പ്യൂട്ടറും ഫോണുകളും തകര്‍ത്തു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കൂടാതെ എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പോലീസ് പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.