കൊല്ലത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ല ; കോടിയേരിയെ തള്ളി ബഷീറിന്റെ വീട്ടുകാര്‍
കൊല്ലം ചിതറയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമല്ല കാരണം എന്ന് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കുടുംബം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി തള്ളിയത്.
കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബഷീറിന്റെ സഹോദരി പറഞ്ഞു. കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി.
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോാപണം. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സിപിഎം പറയുന്നു. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടയ്ക്കലില്‍ സിപിഎം പ്രതിഷേധ പ്രകടനവും നടത്തി.
ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഭിസാ ബീവി.
കൊല്ലത്തെ കൊലപാതം രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ സംഭവത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്തതാണെന്നും കോടിയേരി പറഞ്ഞിരുന്നു.
നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്റെ വീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തി.
ബഷീറിന്റെ ദേഹത്ത് ഒന്‍പത് മുറിവുകളാണ് ഉള്ളത്. നെഞ്ചില്‍ ഏറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. കൊലപാകത്തില്‍ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഷാജഹാന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു ചിതറ വളവുപച്ച മഹാദേവര്‍കുന്ന തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വളുവപച്ച കൊച്ചുകോടനൂര്‍ മൂബീന മന്‍സിലില്‍ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








