മണിയന്‍പിള്ള രാജുവിനോട് ഉണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞു ഷക്കീല

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ഷക്കീല. ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു.രാജു നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വണ്‍വേ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞത്. ചിത്രത്തില്‍ ഷക്കീല സ്വന്തം പേരില്‍ ഒരു അതിഥി വേഷം ചെയ്തിരുന്നു.

‘2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. വലിയൊരു സഹായമായിരുന്നു എനിക്കത്.’

‘അത് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല’-ഷക്കീല പറഞ്ഞു. ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വലിയ ചിരിയായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി.

‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’- മണിയന്‍ പിളള രാജു പറഞ്ഞു.