നിപയില്‍ ആശങ്കവേണ്ട ; ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം : ആരോഗ്യമന്ത്രി

നിപ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിപയുടെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം കൊച്ചിയിലെത്തിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം എവിടെയാണെന്ന് ഇവരുടെ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ദിവസത്തിനുളളില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ രോഗലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.

കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് നല്‍കുന്ന ചികിത്സ തുടരും. നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗം പൂര്‍ണ്ണമായും മാറിയ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. അതിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിലവില്‍ ഏഴുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരാളെ ഇന്നലെ വൈകീട്ടോടൊണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബാക്കി ആറ് പേരുടേയും രക്തസ്രവ സാംപിളുകള്‍ പൂനെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്സുമാരും ഇതില്‍പ്പെടുന്നു.